ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: തീരുമാനമെടുക്കേണ്ടത് ഹമാസെന്ന് ജോ ബൈഡൻ

Update: 2024-05-12 02:15 GMT

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്.

'ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും.'' ബൈഡൻ പറഞ്ഞു.

തങ്ങൾ നൽകിയ ആയുധങ്ങൾ അനുവദനീയമല്ലാത്ത രീതിയിൽ ഉപയോഗിച്ച് ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാർലമെന്റിന് കൈമാറിയ റിപ്പോർട്ടിലാണ് ആഭ്യന്തരവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായി പരോക്ഷ ചർച്ചകൾ നടത്തിയിട്ടും വെടിനിർത്തൽ കരാറിലെത്താൻ ഹമാസിനും ഇസ്രയേലിനും സാധിച്ചിട്ടില്ല.

ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ 250 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. അവരിൽ 128 പേർ ഇപ്പോഴും പലസ്തീൻ പ്രദേശത്ത് തടവിലാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു, ഇതിൽ 36 പേർ മരിച്ചതായാണ് റിപ്പോർട്ട്.

ഹമാസ് ആക്രമണത്തിൽ 1,170-ലധികം ആളുകൾ കൊല്ലപ്പെട്ടു, ഇവരിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. ഗാസയിൽ ഇതുവരെ 34,971 പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ.

Tags:    

Similar News