റമാദാനിൽ ഫ്രാങ്ക്ഫർട്ട് അലങ്കാര വിളക്കുകൾ കൊണ്ട് തിളങ്ങും; തീരുമാനവുമായി ജർമൻ നഗരസഭാ
വ്രതമാസക്കാലമായ റമദാന് ഉജ്ജ്വല വരവേൽപ്പുമായി ജർമനിയിലെ വൻനഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട്. നഗരത്തിലെ പ്രധാന തെരുവുകളിലൊന്നിനെ സമാധാന സന്ദേശങ്ങളടങ്ങിയ വിളക്കുകളും നക്ഷത്രങ്ങളും ചന്ദ്രക്കലകളുമെല്ലാംകൊണ്ട് അലങ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഗരഭരണകൂടം. ചരിത്രത്തിലാദ്യമായാണ് റമദാൻ കാലത്ത് ഫ്രാങ്ക്ഫർട്ടിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ജർമൻ വാർത്താ ചാനലായ ഡി.ഡബ്ല്യൂ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
നഗരത്തിലെ തിരക്കേറിയ തെരുവുകളിലൊന്നായ ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് ആണ് ഇനിയൊരു മാസക്കാലം റമദാൻ അലങ്കാരവിളക്കുകൾ കൊണ്ട് തിളങ്ങുക. കഫേകൾക്കും റെസ്‌റ്റോറന്റുകൾക്കും പേരുകേട്ട നഗരത്തിലെ പ്രധാന ഫുഡ് സ്‌പോട്ടുകളിലൊന്നാണിവിടം. ഭക്ഷണത്തെരുവ് എന്ന അർത്ഥമുള്ള ഫ്രെസ്ഗ്രാസ് എന്ന പേരിലാണ് ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് തന്നെ.
ഭക്ഷണവൈവിധ്യങ്ങൾ ആസ്വദിക്കാനായി വിദേശികളും സ്വദേശികളും ഒരുപോലെ ഒഴുകിയെത്തുന്ന ഈ തെരുവിൽ വാഹനങ്ങൾക്കു പ്രവേശനം വിലക്കിയിട്ടുണ്ട് ഫ്രാങ്ക്ഫർട്ട് നഗരസഭ. ചുറ്റിക്കറങ്ങി ഭക്ഷണവിഭവങ്ങളും മറ്റും ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് തെരുവിനെ മാറ്റിയിരിക്കുകയാണ് ഭരണകൂടം.
വ്രതമാസക്കാലമായ മാർച്ച് 10 മുതൽ ഏപ്രിൽ ഒൻപതു വരെ തെരുവുടനീളം 'ഹാപ്പി റമദാൻ' വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് തിളങ്ങും. 75,000 യൂറോ(ഏകദേശം 67,54,500 രൂപ) ഇതിനായി ചെലവാകുമെന്നാണു കണക്കാക്കുന്നത്. ഇതാദ്യമായാണ് ഒരു ജർമൻ നഗരം റമദാൻ മാസത്തെ സ്വീകരിക്കാൻ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.