ഗസ്സയിലെ താല്‍ക്കാലിക വെടിനിർത്തൽ നാളെ; പ്രാദേശിക സമയം രാവിലെ 10 ന് പ്രാബല്യത്തിൽ വരുമെന്ന് ഹമാസ്

Update: 2023-11-22 15:15 GMT

ഗാസ്സയിലെ താൽക്കാലിക വെടിനിർത്തൽ നാളെ പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് അറിയിച്ചു. ഗാസ്സയിൽ നാലു ദിവസത്തെ വെടിനിർത്തലിന് കരാറായത്. ഇന്നലെ ഹമാസിനു പിന്നാലെ ഇസ്രായേൽ കൂടി കരാർ അംഗീകരിച്ചതോടെയാണ് വെടിനിർത്തൽ കരാർ യാഥാർഥ്യത്തിലായത്. ദിവസങ്ങളായി ഖത്തറിൻറെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുകയായിരുന്നു. അമേരിക്കയും ഈജിപ്തും ചർച്ചകളിൽ പങ്കാളികളായി.

കരാർ അനുസരിച്ച് 50 ഹമാസ് ബന്ദികളെയും 150 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിലേക്ക് ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തി വഴിയെത്തും. ഗാസ്സക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വടക്കൻ ഗാസ്സയിലുള്ളവർക്ക് തെക്കൻ ഗസ്സയിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിന്റെ നിലപാട്.താത്കാലിക വെടിനിർത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. കരാറിനു പിന്നിൽ പ്രവർത്തിച്ച ഖത്തർ അമീറിനുംഈജിപ്ത് പ്രസിഡന്റിനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നന്ദി അറിയിച്ചിട്ടുണ്ട്. എന്നാൽ യുദ്ധം പൂർണമായും നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Tags:    

Similar News