നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 170 പേർ മരിച്ചു. 42 പേരെ കാണാതായി. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രകൃതി ദുരന്തത്തിൽ 111 പേർക്ക് പരിക്കേറ്റേട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000ത്തോളം പേരെ നേപ്പാൾ സൈന്യവും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 162 പേരെ എയർലിഫ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുള്ള ബൽഖു മേഖലയിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ 400 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വിവിധ ഹൈവേകളിൽ കുടുങ്ങിയതതോടെ ദേശീയപാത ഉപരോധിച്ചു. തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രളയത്തെ തുടർന്ന് നേപ്പാളിൽ 300ലധികം വീടുകളും 16 പാലങ്ങളും തകർന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂണും പതിവിനേക്കാൾ വടക്കുമാറി സ്ഥിതി ചെയ്യുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.