ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

Update: 2024-08-26 08:25 GMT

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും.

ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​ തങ്ങൾ നിലപാട്​ വ്യക്​തമാക്കിയതെന്ന്​ ഹമാസ്​ നേതൃത്വം അറിയിച്ചു. എന്നാൽ പുതിയ ഉപാധികൾ അടിച്ചേൽപ്പിച്ച നെതന്യാഹുവാണ്​ ചർച്ച അട്ടിമറിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി​. യുദ്ധം അവസാനിപ്പിച്ച്​ സൈന്യം ഗാസ്സയിൽ നിന്ന്​ പൂർണമായും പിൻവാങ്ങണമെന്ന നിലപാടും ഹമാസ്​ ആവർത്തിച്ചു. രാത്രി ഗാസ്സയിൽ നിന്ന്​ തെൽ അവീവിന്​ നേർക്കയച്ച റോക്കറ്റ്​ പതിച്ച്​ ഒരു ഇസ്രായേൽ പൗരന്​ പരിക്കേറ്റു. ഗാസ്സയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന്​ പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ദക്ഷിണ ലബനാനിൽ നിന്ന്​ 13 സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഹിസ്​ബുല്ലയുടെ വ്യാപക റോക്കറ്റാക്രമണത്തിന്‍റെ ആഘാതത്തിൽ നിന്ന് ഇസ്രായേൽ​ ഇനിയും മുക്​തമായിട്ടില്ല . കമാണ്ടർ ഫുആദ്​ ശുകറിന്‍റെ വധത്തിനുള്ള ആദ്യഘട്ട തിരിച്ചടി മാത്രമാണിതെന്നും ശത്രുവിന്​ വ്യാപക നാശനഷ്ടടങ്ങൾ സംഭവിച്ചതായും ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല പറഞ്ഞു.

സൈ​നി​ക, ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ഹി​സ്ബു​ല്ല ല​ക്ഷ്യം വെ​ച്ച​ത്.ല​ബ​നാ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഹിസ്​ബുല്ല മുന്നറിയിപ്പ്​ നൽകി. ഹി​സ്ബു​ല്ല​യു​മാ​യി ഇ​പ്പോ​ൾ യു​ദ്ധ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇസ്രായേൽ വ്യക്​തമാക്കിയതും തുടർപ്രത്യാഘാതം തിരിച്ചറിഞ്ഞാണ്​. മേഖലായുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണം എന്നാണ്​ അമേരിക്കയും ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു​. ഹിസ്​ബുല്ലയുടെ ഇസ്രായേൽ ആക്രമണത്തെ ഹമാസും ഇറാനും ഹൂതികളും സ്വാഗതം ചെയ്തു. ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം പി​റ​കെ വ​രു​മെ​ന്ന്​ ഹൂതികൾ ഇസ്രായേലിന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശക്​തവും കൃത്യവും ആയിരിക്കും ഇസ്രായേലിനോടുള്ള പ്രതികാരമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

Tags:    

Similar News