ഫ്രാൻസിൽ ജൂത സിനഗോഗിന് പുറത്ത് സ്ഫോടനം

Update: 2024-08-24 10:51 GMT

ദക്ഷിണ ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. 

ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാൾ സിനഗോഗിന് മുന്നിൽ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് മൗസ ഡാർമനിൻ അപലപിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഫ്രാൻസിൽ വളർന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായ ഫാബിൻ റൗസൽ ആവശ്യപ്പെട്ടു.

സ്ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാൻസിലെ പ്രശസ്തമായ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വർഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയിൽ സന്ദർശനം നടത്താറുള്ളത്.

Tags:    

Similar News