ഫ്രാൻസിൽ ജൂത സിനഗേഗിന് മുൻപിൽ സ്ഫോടനം; അക്രമിയെ പൊലീസ് പിടികൂടി

Update: 2024-08-25 07:50 GMT

തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസുകാർക്കെതിരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. നിമേസ് നഗരത്തിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സ്ഫോടനം ഭീകരാക്രമണമെന്ന നിഗമനത്തിലാണെന്നാണ് അധികൃതരുള്ളത്. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന് പിന്നാലെ ഫ്രാന്‍സിലെ ജൂത ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. ജൂത പുരോഹിതൻ അടക്കം അഞ്ച് പേർ സിനഗോഗിന് അകത്തുള്ള സമയത്താണ് ശനിയാഴ്ച സ്ഫോടനം നടന്നത്. സിനഗോഗിന് പുറത്ത് നിർത്തിയിട്ടിരുന്ന രണ്ടാ കാറുകൾ ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയത്. 

ഗ്യാസ് സിലണ്ടറുകൾ ഉപയോഗിച്ചായിരുന്നു സ്ഫോടനം. സിനഗോഗിലേക്കുള്ള വാതിലുകൾക്ക് അക്രമി തീയിട്ടിരുന്നു. ശക്തമായ സുരക്ഷയിലാണ് ഫ്രാൻസിലെ ജൂതസമൂഹം നിലവിൽ കഴിയുന്നത്. മെയ് മാസത്തിൽ സിനഗോഗിന് തീയിട്ട യുവാവിനെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ മാസങ്ങളിലായി ഫ്രാൻസിലെ ജൂത സമൂഹത്തെ അസ്വസ്ഥമാക്കിയ അക്രമ സംഭവങ്ങളിൽ ഒടുവിലത്തേതാണ് തെക്കൻ ഫ്രാൻസിൽ സംഭവിച്ചത്. പ്രാർത്ഥിക്കാനായി സിനഗോഗിൽ എത്തുന്ന ജൂതമത വിശ്വാസികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു സ്ഫോടനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Tags:    

Similar News