മുസ്ലിം ബ്രദർഹുഡ് തലവൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ എട്ട് പേർക്ക് വധശിക്ഷ; വിധി ഈജിപ്ത് കോടതിയുടേത്

Update: 2024-03-07 14:11 GMT

മുസ്‌ലിം ബ്രദർഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. ഈജിപ്തിലെ രാഷ്ട്രീയ-സുരക്ഷാ കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രിം സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ആണ് എട്ട് നേതാക്കൾക്ക് വധശിക്ഷയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. മൂന്നു വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിപറഞ്ഞത്. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ഈജിപത് ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്ക് പ്രതികരിച്ചു.

2013 ജൂലൈയിൽ അന്നു പ്രതിരോധ മന്ത്രിയായിരുന്ന ഇന്നത്തെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇപ്പോൾ സെക്യൂരിറ്റി കോടതി ശിക്ഷവിധിച്ചിരിക്കുന്നത്. അന്നത്തെ പ്രതിഷേധങ്ങളിൽ മുഹമ്മദ് ബദീഇന്റെ 38 വയസുള്ള അമ്മാറും ബെൽതാഗിയുടെ 17കാരിയായ മകൾ അസ്മായും പൊലീസ്-സൈനിക നടപടിക്കിരയായി കൊല്ലപ്പെട്ടിരുന്നു. ഇവർക്കു പുറമെ 95 സീസി വിരുദ്ധ പ്രക്ഷോഭകാരികൾക്കും ജീവൻ നഷ്ടമായിരുന്നു.

ബദീഇനു പുറമെ ബ്രദർഹുഡിന്റെ ആക്ടിങ് പ്രസിഡന്റ് മഹ്‌മൂദ് ഇസ്സത്ത്, മുൻ എം.പിമാരായ മുഹമ്മദ് അൽബെൽതാഗി, അംറ് മുഹമ്മദ് സാകി, മുൻ മന്ത്രി ഉസാമ യാസീൻ അബ്ദുൽ വഹാബ്, സലഫി നേതാവായ സഫ്‌വത്ത് ഹമൂദ ഹിജാസി, ആസിം അബ്ദുൽ മജീദ്, മുഹമ്മദ് അബ്ദുൽ മഖ്‌സൂദ് മുഹമ്മദ് എന്നിവർക്കാണു കോടതി ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭീകരവാദ സംഘടനയിൽ അംഗത്വം, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണവും തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതകം, കൊലപാതകശ്രമം, ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും നിലനിൽക്കുന്നുണ്ട്.

2013 ജൂലൈയിൽ നടന്നത് കൂട്ടക്കൊലയാണെന്നാണ് ഹ്യുമൻ റൈറ്റ്‌സ് വാച്ച് 2017ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സമരത്തിന്റെ ഭാഗയമായവർക്കുനേരെ പൊലീസ് നിഷ്‌കരുണം വെടിയുതിർക്കുകയായിരുന്നു. എന്നാൽ, നൂറോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒറ്റ പൊലീസ്-സൈനിക ഉദ്യോഗസ്ഥർക്കെതിരെയും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

പട്ടാള അട്ടിമറിക്കു പിന്നാലെ മുഹമ്മദ് മുർസിയുടെ നേതൃത്വത്തിലുള്ള വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാരിനെ താഴെയിറക്കി സീസി അധികാരത്തിലേറുകയായിരുന്നു. ഇതിനു പിന്നാലെ മുർസി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾക്കെതിരെ വലിയ തോതിലുള്ള വേട്ടയാണു നടന്നത്. ജയിലിൽ അടക്കപ്പെട്ട മുർസി കോടതി നടപടികൾക്കിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

Tags:    

Similar News