ഭൂചലനം; മരണം 7800 കടന്നു, സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു
ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്.
തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏറ്‌പ്പെടു്തതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം വൻ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിടുമ്പോൾ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുർക്കി രംഗത്ത്. ഇന്ത്യയെ 'ദോസ്ത്' എന്നു വിശേഷിപ്പിച്ച തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ, ആവശ്യങ്ങളിൽ സഹായിക്കുന്നവരാണു യഥാർഥ സുഹൃത്ത്' എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഇന്ത്യ ചെയ്ത സഹായങ്ങൾക്കു തുർക്കി സ്ഥാനപതി നന്ദിയറിയിച്ചത്. ''ടർക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് 'ദോസ്ത്'. ടർക്കിഷ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തിൽ സഹായിക്കുന്നവരാണ് യഥാർഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ' - ഫിറത്ത് സുനൽ കുറിച്ചു.