ഇസ്രയേലിന് ആയുധം നൽകി സഹായിക്കരുത്; ജോ ബൈഡന് കത്തയച്ച് യു.എസ് സെനറ്റർമാർ

Update: 2024-03-13 05:46 GMT

ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് എട്ട് സെനറ്റർമാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മാനുഷിക സഹായങ്ങൾ സുരക്ഷതിവും സമയബന്ധിതവുമായി ഗാസയിലെ ജനങ്ങളിലേക്ക് എത്തുന്നത് ഇസ്രായേൽ സർക്കാർ തടയുകയാണെന്നും സ്വതന്ത്ര സെനറ്റർ ബെർഡി സാൻഡേഴ്സും ഏഴ് ഡെമോക്രാറ്റുകളും കത്തിൽ വ്യക്തമാക്കി.

അമേരിക്കയുടെ മാനുഷിക പ്രവർത്തനങ്ങളെ തടയുന്ന നെതന്യാഹു സർക്കാറിന്റെ നടപടി ഹ്യൂമാനിറ്റേറിയൻ എയ്ഡ് കോറിഡോർ നിയമത്തിന്റെ ലംഘനമാണ്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ആയുധങ്ങൾ അനുവദിക്കരുത്.

ഗാസയിലേക്കുള്ള മാനുഷിക സഹായം ശരിയായ രീതിയിൽ എത്തിക്കാൻ നെതന്യാഹു സർക്കാറിനോട് അമേരിക്ക ആവശ്യപ്പെടണം. ഗാസയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തിൽ അത്യപൂർവമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ​

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. റമദാനിന് മുമ്പ് ​ഗാസയിൽ ​വെടിനിർത്തൽ നടപ്പാകു​മെന്ന് ബൈഡൻ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത തുടരുകയാണ്. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News