സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

Update: 2023-05-10 05:19 GMT

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.

1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കരാളിന്‍റെ ആരോപണം. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. 

കഴിഞ്ഞ 10 ദിവസങ്ങളായി  മാൻഹാട്ടനിലെ ഫെഡറൽ കോടതിയില്‍ കേസിന്‍റെ വിചാരണ നടക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ചാണ് ഡോണൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും ജീൻ കാരള്‍ ലൈംഗികമായി ചൂക്ഷണം ചെയ്യപ്പെട്ടു എന്ന് ജൂറി കണ്ടെത്തി. സിവില്‍ കേസ് ആയതിനാല്‍ രണ്ട് മില്യണ്‍ (20 ലക്ഷം) ഡോളർ ട്രംപ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു. ട്രംപിനെതിരെ മാന നഷ്ടക്കേസ് കൂടി ജീന്‍ കരാള്‍ ഫയല്‍ ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ട്രംപ് അധിക്ഷേപിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 3 മില്യണ്‍ (30 ലക്ഷം) ഡോളര്‍  ജീൻ കാരളിന്  ട്രംപ് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

Tags:    

Similar News