ചെങ്കടിലിലെ ആഴക്കടൽ കേബിളുകൾ തകരാറിൽ; ടെലികോം കണക്റ്റിവിറ്റിയെ ബാധിച്ചതായി റിപ്പോർട്ടുകൾ

Update: 2024-03-05 16:19 GMT

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്.

ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായി ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറഞ്ഞു. കേബിളുകളുടെ അറ്റകുറ്റപ്പണി അടുത്തൊന്നും നടക്കാനിടയില്ലെന്ന് കേബിളുകളുടെ ഉടമകളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ സീകോം പറഞ്ഞു. കടലില്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതിന് ആവശ്യമായ അനുമതികള്‍ ലഭിക്കേണ്ടതുണ്ട്.

ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതില്‍ ആഴക്കടല്‍ കേബിളുകള്‍ക്ക് വലിയ പങ്കുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഇതില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ കേബിളുകളിലുണ്ടാകുന്ന തടസം ഇന്റര്‍നെറ്റ് കണക്ടിവിറ്റിയേയും ബാധിച്ചേക്കും. 2006 ലെ തായ്‌ലാന്‍ഡ് ഭൂചലനത്തെ തുടര്‍ന്ന് അത്തരം പ്രശ്‌നം നേരിട്ടിരുന്നു.

ഹൂതി വിമതര്‍ ആഴക്കടല്‍ കേബിളുകള്‍ ലക്ഷ്യമിടാനിടയുണ്ടെന്ന് യമന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചെങ്കടലിലെ കേബിളുകള്‍ തകരാറിലായതെന്നതും ശ്രദ്ധേയമാണ്. വാണിജ്യ കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഹൂതികള്‍ ആഗോള തലത്തിലുള്ള വിതരണ ശൃംഖലയിലും പ്രതിസന്ധി സൃഷ്ടിച്ചുവരികയാണ്.

കേബിളുകളില്‍ തകരാറുണ്ടാക്കിയത് ഹൂതികളാണെന്ന ആരോപണം ഇസ്രായേലി മാധ്യമങ്ങള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഹൂതി നേതാവ് അബ്ദെല്‍ മാലെക് അല്‍ ഹൂതി ഈ ആരോപണം നിഷേധിച്ചു. കേബിളുകള്‍ ശരിയാക്കുന്നതിന് യെമന്‍ മാരിറ്റൈം അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് ഏട്ടാഴ്ചയെങ്കിലും എടുക്കുമെന്ന് സീകോം അധികൃതര്‍ പറയുന്നത്.

തെക്ക് കിഴക്കന്‍ ഏഷ്യയെ ഈജിപ്ത് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 25000 കിമീ കേബിള്‍ ശൃംഖലയും യൂറോപ്പ്-മധ്യേഷ്യ- ഇന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന യുറോപ്പ് ഇന്ത്യ ഗേറ്റ് വേയും തകരാറിലായിട്ടുണ്ട്. 

Tags:    

Similar News