കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നതു തടയാൻ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇളവു നൽകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്.
ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണിത്. റോഡിലിറങ്ങുന്ന ആളുകളുടെ ഫോൺ പൊലീസ് വാങ്ങി പരിശോധിക്കുന്നതായി ചില പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫോണിൽ ടെലഗ്രാം ആപ് ഉണ്ടോ എന്നും വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് കണക്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കാനാണിത്. ചൈന ഇതു നിരോധിച്ചിട്ടുണ്ട്. പ്രസിഡന്റ് ഷി അധികാരത്തിലെത്തിയതിനു ശേഷം ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പിന്നാലെ, ചൈനീസ് സമ്പദ് വ്യവസ്ഥ കുത്തനെയുള്ള ഇടിവാണ് നേരിടുന്നത്. നാൻജിങ്, സിംഗ്വാ സർവകലാശാലകളിൽ വിദ്യാർഥിപ്രതിഷേധം ശക്തമായതോടെ, ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തേയാക്കി വിദ്യാർഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി. ലോക്ഡൗൺ നിയന്ത്രണത്തിനിടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഫ്‌ലാറ്റിലുണ്ടായ അഗ്‌നിബാധയിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ബെയ്ജിങ്ങിലെ ലിയാങ്മാഹേ നദിക്കരയിൽ ഇന്നലെ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തി. കോവിഡ് ലോക്ഡൗൺ മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടെന്നും അതാണ് മരണസംഖ്യ കൂടാൻ കാരണമായതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.