പൗരത്വ ഭേദഗതി നിയമം; ആശങ്ക അറിയിച്ച് അമേരിക്ക

Update: 2024-03-15 05:33 GMT

പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കയറിയിച്ച് അമേരിക്ക. സിഎഎ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. 'ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്' മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സിഎഎ സ്വാഗതം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രസ്താവന.

അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പൗരത്വ നിയമഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്. സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ല. രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.

1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലാണ് 2019ൽ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബർ 31നോ അതിന് മുമ്പോ കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഈ ഭേദഗതി. അതായത്, ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്തപ്പെടാതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥർക്ക് മാത്രം. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ ആറ് വിഭാ​ഗത്തിൽപ്പെട്ട കുടിയേറ്റക്കാരെ കുറിച്ചുള്ള നിർവചനത്തിൽ ഭേദ​ഗതി വരുത്തി ആറ് വര്‍ഷത്തിനുള്ളില്‍ ഫാസ്റ്റ് ട്രാക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ 11 കൊല്ലം ഇന്ത്യയില്‍ താമസിച്ചതിന് രേഖയുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതാണ് പൗരത്വ ഭേദ​ഗതി നിയമത്തിലൂടെ മാറുന്നത്.

Tags:    

Similar News