മാലിദ്വീപുമായി പുതിയ സൈനിക കരാര്‍ ഒപ്പുവച്ച് ചൈന

Update: 2024-03-05 06:08 GMT

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ മാലിദ്വീപുമായി സൈനിക കരാര്‍ ഒപ്പുവെച്ച് ചൈന. മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും ഒപ്പുവച്ചു. 'മാലദ്വീപ് റിപ്പബ്ലിക്കിന് ചൈനയുടെ സൈനിക സഹായം സൗജന്യമായി നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പ് വെച്ചു. ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കാൻ സാധിച്ചു'. മാലിദ്വീപ് പ്രതിരോധ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ പ്രതിരോധ സഹകരണ കരാറിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അതേസമയം, മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലന്‍സുകൾ ചൈന സമ്മാനിച്ചതായി എഡിഷന്‍ ഡോട്ട് എംവി ന്യൂസ് പോര്‍ട്ടല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ആരോഗ്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മാലിദ്വീപിലെ ചൈനീസ് അംബാസഡര്‍ വാങ് ലിക്‌സിന്‍ മാലിദ്വീപിന് ആംബുലന്‍സുകള്‍ സമ്മാനിച്ചുകൊണ്ടുള്ള കത്ത് സമര്‍പ്പിച്ചു. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 ന് മാലിദ്വീപ് അനുമതി നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് സൈനിക സംഘത്തിന്റെ സന്ദര്‍ശനം. ഇന്ത്യയുടെ ബന്ധം മോശമായതോടെയാണ് ഈ കരാറുകള്‍ മാലിദ്വീപിന് മുന്നിലേക്ക് എത്തുന്നത്. ഭൂമിശാസ്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

'ജലത്തില്‍ ചൈനയുടെ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കും സമുദ്രത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ശാസ്ത്രീയ ധാരണക്ക് സംഭാവന നല്‍കാനും ലക്ഷ്യമിടുന്നതാണ്.' ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മുമ്പ് ചൈനീസ് ഗവേഷണ കപ്പല്‍ മാലിദ്വീപിലേക്ക് നടത്തിയ തുറമുഖ ആഹ്വാനത്തെ ന്യായീകരിച്ചു. നൂതന ലൈറ്റ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരുടെ ആദ്യ സിവിലിയന്‍ സംഘം ദ്വീപ് രാഷ്ട്രത്തില്‍ എത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് സൈനിക സംഘത്തിന്റെ മാലദ്വീപ് സന്ദര്‍ശനം. മാലിദ്വീപ് പ്രസിഡന്റ് മൊയിസു മാര്‍ച്ച് 10 തന്റെ രാജ്യത്ത് നിന്ന് ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ പിന്‍വലിക്കാന്‍ നിശ്ചയിച്ചു.

Tags:    

Similar News