ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമർപ്പിച്ചതിന് പിന്നാലെ, ചാൾസ് മൂന്നാമൻ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനും വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളുമാണ് സുനക്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് 42കാരനായ ഋഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാവിലെ 10.15ന് ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ വിടവാങ്ങൽ പ്രസംഗം നടത്തി. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തിയ സുനക്, രാജ്യത്തെ അഭിസംബോധന ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും സുനക് അഭിസംബോധനയിൽ പറഞ്ഞു.