മൊസാംബിക്കിൽ വള്ളം മറിഞ്ഞ് അപകടം ; 94 പേർ മുങ്ങി മരിച്ചു, 26 പേരെ കാണാനില്ല

Update: 2024-04-08 08:34 GMT

മൊസാംബിക്കിന്റെ വടക്കൻ തീരത്ത് കടത്തുവള്ളം മുങ്ങി 94 പേർ മരിച്ചു. 26 പേരെ കാണാനില്ല. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും ആളുകള്‍ കയറിയതും ബോട്ട് നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അപകട കാരണം.

കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ബോട്ടിൽ കയറിയവരാണ് മരിച്ചത്. മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്ന് നാമ്പുല പ്രവിശ്യയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം എളുപ്പമല്ല. നാമ്പുലയിൽ നിന്ന് ഐലന്‍റ് ഓഫ് മൊസാംബികിലേക്ക് പോവുകയായിരുന്നു ബോട്ട്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി കടത്തുവള്ളമായി ഉപയോഗിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മൊസാംബിക്. ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ദാരിദ്ര്യത്തിൽ കഴിയുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഏകദേശം 15,000 ജലജന്യ രോഗങ്ങളും 32 മരണങ്ങളുമാണ് മൊസാംബികിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്പുലയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാബോ ഡെൽഗാഡോയിൽ നിന്നുള്ള ആക്രമണങ്ങളും പലായനത്തിന് കാരണമാണ്. ബോട്ട് അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചെന്ന് അധികൃതർ പറഞ്ഞു. 

Tags:    

Similar News