ബംഗ്ലാദേശിൽ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയിൽ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുണ്ട്.
ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രി പദം രാജിവയ്ക്കാൻ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ വഴി ഹസീന പറന്നിരുന്നു.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുൻപ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.
1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി.