ബാൾട്ടിമോർ കപ്പൽ അപകടം ; കാണാതായ ആറ് പേർ മരിച്ചതായി സൂചനകൾ

Update: 2024-03-27 03:59 GMT

അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ കാരണം പുറത്തുവിട്ട് വിദഗ്ദധർ. അതെ സമയം കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എൻജിൻ തകരാർ, ജനറേറ്റർ നിലച്ചു പോകൽ, സ്റ്റിയറിങ്ങ് തകരാർ, മാനുഷികമായ പിഴവുകൾ തുടങ്ങിയ കാരണങ്ങളാണ് കപ്പലപകടത്തിന് ഇടയാക്കിയതെയന്നാണ് കരുതുന്നതെന്ന് കപ്പൽ വിദഗ്ധർ മാധ്യമങ്ങ​ളോട് പറഞ്ഞത്.

ചൊവ്വാഴ്ച പുലർച്ചെ 1.30 നാണ് ലോക​ത്തെ ഞെട്ടിച്ച കപ്പൽ അപകടമുണ്ടാകുന്നത്. മേരിലാൻഡിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസാണ് അപകടത്തിൽ പെട്ടത്. 300 മീറ്റർ നീളവും 48 മീറ്റർവീതിയുമാണ് ദാലി ഫ്രാൻസിസിനുള്ളത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24 ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറുകയായിരുന്നു.പിന്നാലെ കപ്പലിലെ പുറംഭാഗത്തെ വെളിച്ചം കെടുകയും പുക ഉയരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഈ കപ്പൽ പറ്റാപ്സ്കോ നദിക്ക് കുറുകെ 56 മീറ്റർ ഉയരവും 2.6 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പു പാലത്തിന്റെ തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നത്. ആ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അടക്കം പുഴയിൽ വീണു.

പാലത്തിൽ അറ്റകുറ്റപണി നടക്കുന്ന സമയത്താണ് അപകടമുണ്ടായത്.നിർമാണത്തൊഴിലിലേർപ്പെട്ട തൊഴിലാളികളും പു​ഴയിൽ വീണു. കൊടുംതണുപ്പ് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചു. അതേസമയം കപ്പൽ പാലത്തിൽ ഇടിച്ച സംഭവത്തിൽ ദുരൂഹതയോ ആക്രമണ സ്വഭാവമോ ഇല്ലെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പറയുന്നു.

തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു. നിര്‍മാണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി, രണ്ടാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായാണ് അമേരിക്കൻ കോസ്റ്റ് ഗാർഡ് പറയുന്നത്. അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. തെരച്ചിൽ താൽകാലികമായി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.

കാണാതായ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ ബുധനാഴ്ച രാവിലെ ആറു മണിയോടെ തിരച്ചില്‍ തുടങ്ങുമെന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ‘അപകടത്തിന് ഏകദേശം 10 മിനിറ്റ് മുന്‍പ് എന്‍റെ മകന്‍ പാലത്തിലുണ്ടായിരുന്നു’ പ്രദേശവാസിയായ ജെൻ വുൾഫ് പറയുന്നു.

സിഡ്നിയിലെ ഹാർബർ ബ്രിഡ്ജിന്റെ ഇരട്ടിയോളം വലിപ്പമുള്ള ഈ പാലത്തിന് അമേരിക്കൻ ദേശീയ ഗാനമായ ദി സ്റ്റാർ-സ്പാംഗിൾഡ് ബാനർ എഴുതിയ ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് പറഞ്ഞു. തുറമുഖത്തെ ആശ്രയിച്ച് 15000 തൊഴിലവസരങ്ങള്‍ ഉള്ളതുകൊണ്ടും ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പാലത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ, ഫെഡറൽ ഗവൺമെന്റ് അതിന്റെ പുനർനിർമ്മാണത്തിന് പണം നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ കിഴക്കൻ കടൽത്തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ബാൾട്ടിമോർ. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ നേതൃത്വത്തില്‍ അപകടകാരണം അന്വേഷിക്കും.

Tags:    

Similar News