ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്. രണ്ടു മാസം കൂടി ആക്രമണം തുടരുമെന്നാണ് പ്രഖ്യാപനം. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപറേഷനോടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ ആവശ്യപ്പെട്ടു.
ഇന്നും ഗാസയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്ന് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ സുരക്ഷിതമായ ഒരു ഇടവുമില്ലെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ദോഹ ഫോറത്തിൽ പങ്കെടുത്ത് പലസ്തീൻ പ്രധാനമന്ത്രി ഇഷ്തയ്യ ആവശ്യപ്പെട്ടു. നാളത്തെ കാര്യമല്ല, ഇന്നു തന്നെ ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കുരുതിയും കൂട്ടക്കൊലയും നിർത്തിവയ്ക്കണം. 75 വർഷം മുൻപ് ആരംഭിച്ച ഈ അധിനിവേശം അവസാനിപ്പിക്കാൻ യു.എൻ തന്നെ മുന്നിട്ടിറങ്ങണം. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കാതെ മുന്നോട്ടുപോകുകയാണെങ്കിൽ അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഈ കുരുതിയിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേർത്തു.
അതീവ ദുരന്തസമാനമായ സാഹചര്യത്തിലാണ് ഗാസയുള്ളതെന്ന് യു.എൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി തലവൻ ഫിലിപ്പ് ലാസറീനി പറഞ്ഞു. ഗാസയിലെ 36 ശതമാനം കുടുംബങ്ങളും കടുത്ത പട്ടിണിയിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും അറിയിച്ചു.