ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഇതിലാണ് തങ്ങളുടെ പിന്തുണ അമേരിക്ക അറിയിച്ചത്.
സംഘര്‍ഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി. മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം ഉണ്ടായത്.
പലസ്തീന്റെ അവകാശങ്ങള്‍ക്കാപ്പം നില്‍ക്കുക, ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളില്‍ യോജിച്ചു പോവുകയെന്ന നിലപാടായിരുന്നു അറബ് രാജ്യങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. പലസ്തീൻ പ്രശ്നം പരിഹരിച്ചാല്‍ ഇസ്രയേലുമായി ചര്‍ച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങള്‍ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു.
അപ്രതീക്ഷിതമായി ഉടലെടുത്ത സംഘര്‍ഷം അറബ് രാജ്യങ്ങള്‍ക്കും തലവേദനയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിൻവാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം.
അന്താരാഷ്ട്ര ഉടമ്ബടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അല്‍ അഖ്സ പള്ളിയിലുണ്ടായ സംഘര്‍ഷമാണ് സ്ഥിതി വഷളാക്കിയതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് സാമ്ബത്തിക ഇടനാഴി, റെയില്‍ - കപ്പല്‍പ്പാത ഉള്‍പ്പടെ വമ്ബൻ പദ്ധതികള്‍ ഭാവിയില്‍ കൊണ്ടു വരാൻ ജി20 ഉച്ചകോടിയില്‍ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്.