ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

Update: 2024-03-26 08:50 GMT

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി എട്ടോളം ആംബുലന്‍സുകളും ഹെലികോപ്ടറുകളും സ്ഥലത്തെത്തി. സംഭവത്തില്‍ ഹംഗേറിയന്‍ മോട്ടോര്‍ സ്പോര്‍ട്സ് അസോസിയേഷന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിഴവ് സംഭവിച്ചുവെങ്കില്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി.

Tags:    

Similar News