ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായെന്ന് റിപ്പോ‍ർട്ട്; ബോട്ടിലുണ്ടായിരുന്നത് കുടിയേറ്റക്കാർ

Update: 2024-06-19 13:23 GMT

ഇറ്റലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം ജൂൺ 17ന് അ​ദ്യം അപകടത്തിൽ പെട്ടത്. ഈ ബോട്ടിൽനിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായും 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു.

Full View

അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ​ഗാർഡിന് കൈമാറി. അതേസമയം, തുർക്കിയിൽനിന്ന് പുറപ്പെട്ട മറ്റൊരു കപ്പൽ ജൂൺ 17ന് തന്നെ അപകടത്തിൽ പെട്ടെന്നും 60-ലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. കടലിൽ കാണായവരിൽ 26 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യു.എൻ. പുറത്തുവിട്ട കണക്കനുസരിച്ച് 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർ കടലിൽ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.

Tags:    

Similar News