മുത്തശ്ശി വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊച്ചുമകൻ; 14 മുതൽ 94 വയസിനിടെ മുത്തശ്ശി വായിച്ചത് 1658 പുസ്തകങ്ങൾ

Update: 2023-03-22 12:11 GMT

വായനയ്ക്ക് അത്ര വലിയ പ്രധാന്യമാണുള്ളത്. വായനയെക്കുറിച്ച് മലയാളികൾ എപ്പോഴും പറയുന്ന കവിതയുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ആ വരികൾ ഇങ്ങനെയാണ്-

വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും

വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും.

അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ച ഒരു കുറിപ്പ് ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്കിടയിൽ ചർച്ചയായി. വായന മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പോസ്റ്റ് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടാത്തവരെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. തൊട്ടുമുമ്പിലെ തലമുറ പുസ്തകങ്ങൾക്കും വായനയ്ക്കും കൊടുത്ത പ്രാധാന്യം പുതുതലമുറ കൊടുക്കുന്നില്ലെന്നാണു പരക്കെയുള്ള അഭിപ്രായം. കോളജുകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകർ ഇക്കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പുസ്തകങ്ങൾ, എന്തിനു ദിനപ്പത്രങ്ങൾ പോലും വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് അധ്യാപകരുടെ ഭാഷ്യം.



തന്റെ മുത്തശ്ശി 14-ാം വയസു മുതൽ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുകയാണ് കൊച്ചുമകൻ. ബെൻ മയേഴ്സ് എന്ന യുവാവാണ് ട്വിറ്ററിൽ തന്റെ മുത്തശ്ശിയുടെ വായനാലോകം പരിചയപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേൺ നഗരത്തിലാണ് മയേഴ്സ് താമസിക്കുന്നത്. അൽഫാക്രൂസിസ് യൂണിവേഴ്സിറ്റി കോളജിലെ തിയോളജി-ലിറ്റേച്ചർ വിഭാഗം ഡയറക്ടർ കൂടിയാണ് മയേഴ്സ്. ' 94 വയസുള്ള എന്റെ മുത്തശ്ശി 14 വയസു മുതൽ താൻ വായിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ട ഒരാളുടെ മനസിന്റെ അത്ഭുതകരമായ ചരിത്രരേഖാശേഖരണം' എന്ന തലക്കെട്ടോടെയാണ് മയേഴ്സ് തന്റെ മുത്തശിയുടെ വായനാലോകത്തെ പരിചയെപ്പെടുത്തുന്നത്.



ബെൻ മയേഴ്സിന്റെ ട്വീറ്റ് ഒറ്റ ദിവസം കൊണ്ട് 35 ലക്ഷത്തിലേറെ ആളുകളാണു കണ്ടത്. നൂറുകണക്കിന് പ്രതികരണങ്ങളും കമന്റുകളുമാണ് ട്വീറ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജർമൻ സാഹിത്യമാണ് മുത്തശ്ശിയുടെ കൂടുതലായി വായിച്ചിട്ടുള്ളത്. ഹംഗേറിയൻ പുസ്തകങ്ങളും സെർബിയൻ പുസ്തകങ്ങളും അവർ വായിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ട സമയത്താണ് മുത്തശ്ശി പുസ്തകങ്ങളുടെ ലോകത്തേക്കു പ്രവേശിക്കുന്നത്. യുഗോസ്ലാവിയയിൽനിന്നുള്ള അഭയാർഥികുടുംബമായിരുന്നു മുത്തശ്ശിയുടേത്. ഓസ്ട്രേലിയയിലേക്കു കുടിയേറും മുമ്പ് ജർമനിയിൽ കഴിയുമ്പോൾ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും മയേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലുള്ള പരിജ്ഞാനം വർധിപ്പിക്കാനാണ് മത്തശ്ശി ജർമൻ പുസ്തകങ്ങൾ കൂടുതലായി വായിച്ചത്.

ഇന്ത്യൻ തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയുടെ പുസ്തകവും വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. ദസ്തയേവ്സ്‌കി, ഗോയ്ഥെ തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചവയിൽപ്പെടുന്നു. മുത്തശ്ശിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്ന ചോദ്യത്തിന്, ഒരു കാലഘട്ടം വരെ ഗോയ്ഥെ ആയിരുന്നു മുത്തശ്ശിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്ന മയേഴ്സ് പറയുന്നു. വായനയുടെ മഹത്തായ 80 വർഷത്തിനിടെ 1658 പുസ്തകങ്ങൾ വായിച്ചതായാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. 14 ദിവസത്തിൽ ഒരു പുസ്തകം എന്ന കണക്കിലായിരുന്നു വായന എന്നു മനസിലാക്കാം. സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാൻ കഴിയാത്ത ജനിച്ച നാടും വിട്ട് ഹിറ്റ്ലറുടെ ജർമനിയിൽ അഭയാർഥിയായി കഴിഞ്ഞ് പിന്നീട് ഓസ്ട്രേലിയയിൽ എത്തിയ വൃദ്ധയുടെ വായനാലോകം അദ്ഭുതപ്പെടുത്തുന്നതായി.

പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ് അവർ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കും. പലായനത്തിന്റെയും അതിജീവനത്തിന്റെയും കാലത്ത് ആ സ്ത്രീയെ സർഗസമ്പന്നയാക്കിയതും മുന്നോട്ടുള്ള പാതകളിൽ വെളിച്ചം പകർന്നതും പുസ്തകങ്ങളിൽനിന്ന് ഗ്രന്ഥങ്ങളിൽനിന്ന് സ്വായത്തമാക്കിയ ജ്ഞനമാണ്. വിഖ്യാത ഫ്രഞ്ച് തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ റെനെ ഡെകാർട്ട്സ് വായനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു- 'എല്ലാ നല്ല പുസ്തകങ്ങളുടെയും വായന കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച മനസുകളുമായുള്ള സംഭാഷണം പോലെയാണ്...'

Similar News