രക്തവും ഇനി മനുഷ്യനിർമ്മിതം , മനുഷ്യനില്‍ പരീക്ഷണം ആരംഭിച്ച് ബ്രിട്ടീഷ് ഗവേഷകര്‍,
ലണ്ടന്‍ : പരീക്ഷണശാലയില്‍ തയാറാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ലാബ് രക്തം മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു വിശദമായി പഠിക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. രണ്ടു പേരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രക്തം കുത്തിവച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടക്കുന്നത്.
പരീക്ഷണം വിജയമായാല്‍ മനുഷ്യചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും ലാബ് രക്തത്തിന്റെ ഉപയോഗം. ഇതോടെ അത്യാവശ്യഘട്ടങ്ങളില്‍ രക്തദാതാക്കളെത്തേടി നടക്കേണ്ട സാഹചര്യവും അപൂര്‍വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിലെ പ്രയാസവും ഒഴിവാക്കാം.
ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലെയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകസംഘമാണ് പരീക്ഷണശാലയില്‍ രക്തമുണ്ടാക്കിയതും തുടര്‍പഠനങ്ങളുമായി മുന്നോട്ടുപോകുന്നതും. ശ്വാസകോശത്തില്‍നിന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ഓക്‌സിജനെത്തിക്കുന്ന അരുണരക്താണുക്കള്‍ കേന്ദ്രീകരിച്ചാണ് ഗവേഷണം നടക്കുന്നത്.
ആരോഗ്യമുള്ള ഒരു വ്യക്തിയില്‍നിന്ന് 470 മില്ലിഗ്രാം രക്തമെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന്, രക്ത സാന്പിളില്‍നിന്ന് അരുണരക്താണുക്കളാകാന്‍ ശേഷിയുള്ള മൂലകോശങ്ങളെ വേര്‍തിരിച്ചെടുക്കും. ഇവയെ അരുണരക്താണുക്കളാക്കി ലാബില്‍ വളര്‍ത്തും. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 21 ദിവസത്തോളമെടുക്കും. അഞ്ചുലക്ഷം മൂലകോശങ്ങളില്‍നിന്ന് 5000 കോടി അരുണരക്താണുക്കളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. ഇതില്‍നിന്ന് മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ പാകമായ 1500 അരുണരക്താണുക്കളെ വേര്‍തിരിക്കും. 120 ദിവസമാണ് അരുണരക്താണുക്കളുടെ ആയുസ്.
അരുണരക്താണുക്കള്‍ ഓരോതവണയും ശരീരം ഉത്പാദിപ്പിക്കുകയാണു ചെയ്യുക. ദാതാക്കാളില്‍ നിന്നെടുക്കുന്ന രക്തത്തില്‍ അരുണരക്താണുക്കള്‍ പുതിയവയും നശിക്കാറായവയും ഉണ്ടാകും. അതേസമയം, പരീക്ഷണശാലയില്‍ തയാറാക്കിയ രക്തത്തില്‍ പുതിയ അരുണരക്താണുക്കള്‍ മാത്രമേ ഉണ്ടാകൂ.
രക്തത്തില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന കോശങ്ങളാണ് അരുണരക്താണുക്കള്‍ അഥവാ എരിത്രോസൈറ്റുകള്‍. ഡച്ച് ശാസ്ത്രജ്ഞനായ ജാന്‍ സ്വാമ്മര്‍ഡാം ആണ് ആദ്യമായി അരുണരക്താണുക്കളെ സൂക്ഷ്മദര്‍ശിനിയുടെ സഹായത്തോടെ നിരീക്ഷിച്ചത്. അരുണരക്താണു കോശങ്ങളുടെ സൈറ്റോപ്ലാസത്തില്‍ ഇരുമ്പ് അടങ്ങിയ ജൈവതന്മാത്രയായ ഹീമോഗ്ലോബിന്റെ അളവ് കൂടുതലാണെന്നതാണ് ഇവയുടെ ചുവപ്പുനിറത്തിന് കാരണം. രക്തത്തിന് ചുവപ്പുനിറം നല്‍കുന്നതും ഇതുതന്നെ.