തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തി; കണ്ടെത്തൽ അൽഷ്യമേഴ്സിന്റെ ചികിത്സയിൽ നിർണായകമെന്ന് ​ഗവേഷകർ

Update: 2024-10-09 10:43 GMT

തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഇത് അൽഷ്യമേഴ്സ് രോ​ഗത്തിന്റെ ചികിത്സയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ​ഗവേഷകരുടെ പ്രതീക്ഷ. തലച്ചോർ അതിന്‍റെ പ്രവർത്തനങ്ങൾക്കായി നിരവധി പോഷകങ്ങൾ ഉപയോഗിക്കുന്നതു പോലെ തന്നെ മാലിന്യങ്ങളും അവ പുറന്തള്ളുന്നുണ്ട്.

ഉറങ്ങുമ്പോൾ ശരീരത്തിലെ കോശങ്ങളിൽ നിന്നുള്ള ഇത്തരം മാലിന്യങ്ങൾ പുറന്തള്ളുന്നതിന് തലച്ചോറിന് പ്രത്യേക സംവിധാനം ഉണ്ടെന്ന് ​ഗവേഷകർ എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇതുവരെ മനുഷ്യരില്‍ ഈ പ്രക്രിയ സമാനമാണെന്ന് കണക്കുകൂട്ടിയിരുന്നത്.

ഒറിഗോൺ ഹെൽത്ത് ആന്‍റ് സയൻസ് സർവകലാശാല ​ഗവേഷകർ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് രോ​ഗികളിൽ പ്രത്യേക ട്രേസർ ഘടിപ്പിച്ച് എംആർഐ സ്കാൻ നടത്തിയാണ് തലച്ചോറിനുള്ളിലെ മാലിന്യ നിർമാർജന ചാനലുകളുടെ ശൃംഖല കണ്ടെത്തിയത്.

ഉറക്കത്തിലും തലച്ചോർ ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തലച്ചോറിനുള്ളിൽ ആഴത്തിലുള്ള ശുചീകരണം നടക്കുന്നതും ഈ സമയത്താണ്. ഉറക്കത്തിന്റെ ​ഗുണനിലവാരം നഷ്ടപ്പെടുന്നത് ഉറക്ക വൈകല്യങ്ങൾക്കൊപ്പം ഡിമെൻഷ്യയുടെ സാധ്യതയും വർധിപ്പിക്കുമെന്ന് നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പത്ത് വർഷങ്ങൾക്ക് മുമ്പ് റോച്ചസ്റ്റർ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ "ഗ്ലിംഫറ്റിക് സിസ്റ്റം" എന്ന് വിളിക്കുന്ന ഒരു ശൃംഖലയാണ് തലച്ചോറിനുള്ളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സെറിബ്രോസ്പൈനൽ ദ്രാവകം രക്തക്കുഴലുകൾക്ക് ചുറ്റുമുള്ള ചാനലുകൾ ഉപയോഗിച്ച് കോശങ്ങളിലേക്ക് ആഴത്തിൽ എത്തുകയും തലച്ചോറിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുന്നതു വരെ പ്രവർത്തിക്കുകയും ചെയ്യും. അൽഷിമേഴ്സിന് കാരണമാകുന്ന ബീറ്റാ-അമിലോയിഡ് എന്ന ഘടകം എലികളിൽ കുത്തിവെച്ച് നടത്തിയ പരീക്ഷണത്തിൽ മൃ​ഗങ്ങൾ ഉറങ്ങുമ്പോൾ തലച്ചോർ ഈ മാലിന്യത്തെ നീക്കം ചെയ്യുന്നതായി കണ്ടെത്തി.

Tags:    

Similar News