പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം.
1. വെള്ളക്കടല
ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. മുളപ്പിച്ച പയര്‍
മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.
3. നട്സ്
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.