ഇന്ന് യുവതലമുറയുടെ ചെവിയില്‍ ഇയര്‍ഫോണാണ്. ഒരു സ്റ്റൈലിന് ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇയര്‍ ഫോണ്‍ നിങ്ങളുടെ വില്ലന്‍ ആയേക്കാം.
ആറോഗ്യ വിദ്ഗദര്‍ തരുന്ന വിവരങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ തന്നെ കേള്‍സി സംബന്ധമായ രോഗങ്ങളുമായി എത്തുന്നവര്‍ ഏറെയാണെന്നാണ്. ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത് ചെറുപ്പക്കാരെയും ആണ്. അതിന് പ്രധാന കാരണമോ, ഇയര്‍ഫോണും.
16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് പ്രധാന കാരണം പരിധിയില്ലാത്ത ഇയര്‍ഫോണ്‍ ഉപയോഗം ആണ്.
യാത്രയ്ക്കിടയിലും ഓടുന്നതിനിടെയും എന്തിന് ടോയ്ലെറ്റ് കയറുമ്പോള്‍ പോലും മൊബൈലിനൊപ്പം ഇയര്‍ഫോണ്‍ വേണം. പ്രകൃതി ഭംഗി ആസ്വദിക്കാനോ പ്രകൃതിയെ കേള്‍ക്കാനോ ഒന്നും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നേരമില്ല. ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് (എന്‍ഐഎച്ച്എല്‍) എന്ന അവസ്ഥയിലേക്ക് നയിക്കാം. ചെറുപ്പക്കാര്‍ക്കിടയിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. അമിതമായ ശബ്ദ തരംഗത്തെ തുടര്‍ന്ന് ചെവിയിലെ കോക്ലിയയ്ക്കുള്ളില്‍ രോമകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് എന്‍ഐഎച്ച്എല്‍. ഇത് കേള്‍വി ശക്തി പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കാം.
കൂടാതെ അമിതമായി ശബ്ദം കേള്‍ക്കുന്നത് ചെവിക്കുള്ളില്‍ വാക്‌സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളില്‍ വേദന, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം.
ഇയര്‍ ഫോണ്‍ ശബ്ദം എത്രവരെ ആകാം?
കേള്‍വിക്കുറവ് പരിഹരിക്കുന്നതിന് കൃത്യമായ പരിപാലനവും മുന്‍കരുതലും ആവശ്യമാണ്. അതിനായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്ന 60/60 നിയമം പാലിക്കാം. 60 മിനിറ്റ് ദൈര്‍ഘ്യത്തില്‍ പരമാവധി ശബ്ദത്തിന്റെ അളവു 60 ശതമാനമാക്കുക. ഓരോ 60 മിനിറ്റിന് ശേഷവും ഇടവേളയെടുക്കുക. സുഖപ്രദമായ ഇയര്‍ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഇയര്‍ഫോണ്‍ പതിവായി വൃത്തിയാക്കുക. ഇയര്‍ഫോണ്‍ മറ്റാര്‍ക്കും പങ്കിടാതിരിക്കുക. ഇയര്‍ഫോണ്‍ സ്ഥിരമായി 85 ഡെസിബലിന് മുകളില്‍ ശബ്ദത്തില്‍ ഉപയോ?ഗിക്കുന്നത് നിങ്ങളുടെ കേള്‍വിയെ പൂര്‍ണമായും ഇല്ലാതാക്കാം.