ബൈക്ക് വാങ്ങാന്‍ എട്ടു വയസുകാരന്‍ ഒപ്പിച്ച പണി കണ്ടോ..!

Update: 2023-05-20 06:55 GMT

ഈ തലമുറയിലെ കുട്ടികള്‍ ജനിച്ചവീഴുന്നതുതന്നെ ഡിജിറ്റല്‍ ലോകത്തേക്കാണ്. കുട്ടിക്കാലം തൊട്ടുതന്നെ കുട്ടികള്‍ മൊബൈല്‍ ഫോണും ഡെസ്‌ക് ടോപ്പും ലാപ്‌ടോപ്പും ഉപയോഗിക്കാന്‍ ശീലിക്കുന്നു. ഓണ്‍ലൈനിലെ അനന്തസാധ്യതകളിലാണ് ഇൗ തലമുറയിലെ കുട്ടികള്‍ ജീവിക്കുന്നത്. മാതാപിതാക്കളുടെ മൊബൈല്‍ഫോണിലെ ആപ്പുകള്‍ തുറന്ന് പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും രക്ഷിതാക്കള്‍ വെട്ടിലാകുന്നതും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അതെല്ലാം നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു.

കഴിഞ്ഞദിവസം വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ വിലകൂടിയ വാച്ച് ഓണ്‍ലൈനില്‍ വിറ്റ് തനിക്കു ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താന്‍ ശ്രമിച്ച എട്ടു വയസുള്ള ആണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം. സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ ഈ ബാലന് ഒരു പേരും കല്‍പ്പിച്ചുനല്‍കി-മിനി ഡെല്‍ ബോയ്.

പഴയതും പുതിയതുമായ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന ലിത്വാനിയന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ വിന്റഡ് അക്കൗണ്ട് വഴി അച്ഛന്റെ ഹ്യൂഗോ ബോസ് വാച്ച് വിറ്റ് ഡര്‍ട്ട് ബൈക്ക് വാങ്ങാനായിരുന്നു ബാലന്റെ ശ്രമം. എന്നാല്‍ കുട്ടിയുടെ അമ്മ ഇതു പൊളിച്ചടക്കി കൈയില്‍കൊടുത്തു. അമ്മയുടെ പേരിലായിരുന്നു അക്കൗണ്ട്. കുട്ടി തന്റെ വിന്റഡ് അക്കൗണ്ട് തുറന്ന് നോക്കുന്നതു ശ്രദ്ധയില്‍പ്പെട്ട യുവതിയാണ് തന്റെ ഭര്‍ത്താവിന്റെ വാച്ച് 100 പൗണ്ടിനു വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതു കണ്ടത്. അച്ഛന്റെ വാച്ച് വില്‍ക്കാന്‍ ശ്രമിച്ചത് എന്തിനെന്ന ചോദ്യത്തിന് തനിക്കൊരു ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണെന്ന രസകരമായ മറുപടിയാണു പൊട്ടിച്ചിരിക്കു വകനല്‍കിയത്. എന്തായാലും പരസ്യം മാതാപിതാക്കള്‍ നീക്കം ചെയ്തു. കുട്ടിയുടെ കുസൃതി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


Similar News