ഭക്ഷണം പുറമെ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. പൊതുവേ പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ആണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതലായും ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഭക്ഷണങ്ങള്‍ എത്തിക്കുന്നത്. ഈ പാത്രം വീണ്ടും വീണ്ടും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനും മറ്റും വീണ്ടും ഉപയോഗിക്കാറുണ്ട്.
ഇതിനിടയിലാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പാത്രം ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നുവെന്നതാണ് ആശങ്ക. ചിരാഗ്ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ഈ പാത്രം ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
പലപ്പോഴും റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ നിര്‍മിക്കുന്നത്. ഇതിലുള്ള Decabromodiphenyl Ether (DecaBDE) എന്ന രാസവസ്തു എളുപ്പത്തില്‍ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലെ ഭക്ഷണം കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെ കെമോസ്ഫിയര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച, 203 ബ്ലാക്ക് പ്ലാസ്റ്റിക് കണ്‍സ്യൂമര്‍ പ്രൊഡക്റ്റുകളില്‍ നടത്തിയ പഠനത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ 85 ശതമാനവും വിഷജ്വാലയെ പ്രതിരോധിക്കുന്ന രാസവസ്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ഇതില്‍ അടങ്ങിയിരിക്കുന്ന ബിസ്ഫിനോള്‍ എ (ബിപിഎ), ഫ്തലേറ്റ്‌സ് തുടങ്ങിയ രാസവസ്തുക്കള്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും, പ്രമേഹങ്ങള്‍ക്കും പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്‍ഡോക്രൈന്‍ സിസ്റ്റത്തെ തടസപ്പെടുത്തുകയും പ്രമേഹം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികളില്‍ ഐക്യു കുറയുന്നതിനും ഇവ കാരണമാകുന്നു.