മലയാളികൾ ധാരാളമായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുവാണ് പൊറോട്ട. നക്ഷത്ര ഹോട്ടലുകൾ മുതൽ നാടൻതട്ടുകടകളിൽ വരെ സുലഭമായി ലഭിക്കും. മൈദ പൊറോട്ട ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കഴിക്കുന്നവർക്കു പോലും അറിയാം. എന്നാലും ആളുകൾ കഴിക്കുന്നു. പൊറോട്ട മാത്രമല്ല, മൈദ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണവസ്തുക്കളും ആരോഗ്യത്തിനു ഗുണകരമല്ല. മൈദ പൊറോട്ട മാത്രമാണ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ധാരണ തെറ്റാണ്. ഗോതമ്പു പൊറോട്ടയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. കുട്ടികളെ ഒരിക്കലും പൊറോട്ട കഴിപ്പിക്കരുതെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പോലും പറയാറുണ്ട്.
ജീവൻ നഷ്ടമാകുന്ന വിധം മൈദയിലും ഗോതമ്പിലും അടങ്ങിയിട്ടുള്ളത് എന്താണ്? മൈദ അല്ലെങ്കിൽ ഗോതമ്പ് ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം ചിലരിൽ ഗ്ലൂട്ടൺ അലർജിയുണ്ടാക്കാം. ഗ്ലൂട്ടൺ ഒരു പ്രോട്ടീൻ ആണ്. ഗോതമ്പു പോലുള്ള ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് ഗ്ലൂട്ടൺ. ഭക്ഷണപദാർഥങ്ങളിൽ പ്രോട്ടീന്റെ അളവു കൂട്ടുന്നതിനായി ഗ്ലൂട്ടൺ ചേർക്കാറുണ്ട്. പ്രോട്ടീൻ റിച്ച് എന്ന ലേബലിൽ മാർക്കറ്റിൽ ലഭ്യമാകുന്ന ഭക്ഷണവസ്തുക്കളിലെല്ലാം ഗ്ലൂട്ടൺ ധാരാളമായി ചേർക്കുന്നുണ്ട്.
പ്രോട്ടീനായി ചേർക്കുന്ന ഗ്ലൂട്ടൺ എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. ചിലരിൽ ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും. ചില ആളുകളിൽ മറ്റു പ്രോട്ടീനുകളെ അപേക്ഷിച്ച് ഗ്ലൂട്ടൺ ദഹിക്കാതെ ഉദരത്തിൽ കിടക്കും. ദഹനകാര്യങ്ങളിൽ തടസം അനുഭവപ്പെടുന്നതോടെ അസുഖങ്ങൾ ആരംഭിക്കാം. ഗ്യാസ്, വയറിളക്കം, വയറുവേദന, ചൊറിച്ചിൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.
ദഹനപ്രക്രിയയിൽ തുടർച്ചയായി തടസം നേരിടുന്നതോടെ ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുകയില്ല. ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നു പറയും. ഒരു ദിവസംതന്നെ രണ്ടും മൂന്നും പ്രാവശ്യം വയറിളകുക. അമിതമായി ക്ഷീണം തോന്നുക വയറിൽ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ പൊതുലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറെ കണ്ടു ചികിത്സ തേടണം. അല്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഐസ്‌ക്രീമുകൾ, മിഠായികൾ, ടിന്നുകളിൽ ലഭിക്കുന്ന മാംസങ്ങൾ, പാസ്ത, തൈര് തുടങ്ങിയവയിലെല്ലാം ഗ്ലൂട്ടൺ അടങ്ങിയിട്ടുണ്ട്. അലർജിയും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഇത്തരം ഭക്ഷണപദാർഥങ്ങൾ തീർച്ചയായും ഉപേക്ഷിക്കുക.