സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന കര്‍ണാടകയിലെ സാഹസിക ഇടങ്ങള്‍

Update: 2023-05-23 07:12 GMT

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. സാഹസികര്‍ തേടിച്ചെല്ലുന്ന ചില സ്ഥലങ്ങള്‍ പരിപയപ്പെടാം.

1. രാമനഗര

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ഷോലെ എന്ന സിനിമയുടെ ലൊക്കേഷനുകളിലൊന്നാണ് കര്‍ണാടകയുടെ സില്‍ക്ക് സിറ്റി എന്നറിയപ്പെടുന്ന രാമനഗര. എ പാസേജ് ടു ഇന്ത്യ, ഗാന്ധി തുടങ്ങിയ സിനിമകള്‍ക്കും രാമനഗര ലൊക്കേഷനായിട്ടുണ്ട്. കര്‍ണാടകയിലെ മനോഹരമായ മലകളുള്ള ഇടമായാണ് രാമനഗര അറിയപ്പെടുന്നത്. പട്ടിന്റെ നഗരമായ രാമനഗരയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മൈസൂര്‍ സില്‍ക്ക് ലോകപ്രശസ്തമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂണ്‍ മാര്‍ക്കറ്റ് കൂടിയാണ് രാമനഗര. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലാണ് രാമനഗര സ്ഥിതി ചെയ്യുന്നത്. ബംഗളൂരു സിറ്റിയില്‍ നിന്ന് അമ്പത്തിനാലു കിലോമീറ്റര്‍ ആണ് രാമനഗരയിലേക്കുള്ളത്. മൈസൂരുവില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് സില്‍ക്ക് സിറ്റി സ്ഥിതി ചെയ്യുന്നത്.

2. സാവന്‍ദുര്‍ഗ

ഒരുപാടു പ്രത്യേകതകളുള്ള സാഹസിക വിനോദകേന്ദ്രമാണ് സാവന്‍ദുര്‍ഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നാണ് സാവന്‍ദുര്‍ഗ അറിയപ്പെടുന്നത്. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ ഡക്കാണ്‍ പീഠഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ ധാരാളമായി എത്തുന്ന സാവന്‍ദുര്‍ഗ സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗളൂരു നഗരത്തില്‍ 50 കിലോമീറ്റര്‍ മാത്രമാണ് സാവന്‍ദുര്‍ഗയിലേക്കുള്ള ദൂരം.

3. അന്തര്‍ഗംഗെ

സാഹസികരുടെ പറുദീസ എന്നാണ് ഇവിടം അറിയപ്പെടുന്നത്. അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കടിയിലുള്ള ഗംഗ എന്നാണര്‍ഥം. ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു. കാശി വിശ്വേശ്വര ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബംഗളൂരു നഗരത്തില്‍നിന്ന് 68 കിലോമീറ്ററാണ് അന്തര്‍ഗംഗെയിലേക്കുള്ള ദൂരം.

Similar News