ആനകളില്‍ നിന്നു രക്ഷനേടാന്‍ മരത്തില്‍ തീര്‍ത്ത ഇടുക്കിയിലെ സര്‍ക്കാര്‍ ഓഫിസ് ഇന്നും കൗതുകം

Update: 2023-05-28 11:05 GMT

ഇടുക്കിയിലെ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ കാട്ടാനകള്‍ നമുക്ക് സുപരിചിതമാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ എന്ന കാട്ടാന സൃഷ്ടിച്ച പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി പെരിയാറില്‍ തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അരിക്കൊമ്പന്‍ പ്രശ്‌നം അവിടെ അവസാനിച്ചില്ല. തമിഴ്‌നാട്ടിലെ കമ്പത്തേക്കു കടന്ന അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കമ്പത്തു തമ്പടിച്ചിരിക്കുന്ന ആനയെ പിടികൂടാനുള്ള ഒരുക്കള്‍ നടക്കുകയാണിപ്പോള്‍.

അന്നത്തെ ശല്യക്കാരായ കാട്ടാനകളുടെ പേരുകളൊന്നും അറിയില്ല. എന്നാല്‍, കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി അറുപതു വര്‍ഷം മുമ്പു നിര്‍മിച്ച ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ ഒരു സര്‍ക്കാര്‍ ഓഫിസ് ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കുന്ന കാലഘട്ടത്തില്‍, ഡിജിറ്റലൈസേഷന്‍ നടക്കുന്ന കാലഘട്ടത്തില്‍ പൂര്‍ണമായും തടിയില്‍ നിര്‍മിച്ച ഒരു സര്‍ക്കാര്‍ ഓഫിസ് ആണ് ഇന്നും പഴമയുടെ പ്രൗഢിയോടെ പ്രവര്‍ത്തിക്കുന്നത്. കല്ലാറിലെ പൊതുമരാമത്ത് ഓഫിസ് ആണിത്. അതുവഴി കടന്നുപോകുന്നവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്ന കെട്ടിടമാണിത്.


ചരിത്രമുറങ്ങിക്കിടക്കുന്ന ഓഫിസ് ആണിത്. പട്ടം കോളനിയുടെ രൂപീകരണ കാലത്ത് പട്ടയവിതരണം ലക്ഷ്യമിട്ട് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവായാണ് ഓഫിസ് സ്ഥാപിച്ചത്. ആനകളുട ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി വലിയ മരത്തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ പലക നിരത്തിയായിരുന്നു ഓഫിസ് നിര്‍മാണം. കെട്ടിടത്തിന്റെ തറയും ഭിത്തിയുമെല്ലാം മരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

പിന്നീട് ഇത് പിഡബ്ല്യുഡിക്ക് കൈമാറുകയായിരുന്നു. ആനയുടെ ശല്യം കുറഞ്ഞതോടെ വശങ്ങളില്‍ കല്ലുകെട്ടി കെട്ടിടം നവീകരിച്ചു. ഇപ്പോള്‍ രണ്ടു നിലകളിലായി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസും സബ് ഡിവിഷന്‍ ഓഫിസുമാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ പഴമ നഷ്ടപ്പെടാതെയാണ് അറ്റകുറ്റപ്പണികള്‍ പോലും സര്‍ക്കാര്‍ നടത്തുന്നത്. ഓഫിസ് വളപ്പിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളും സംരക്ഷിക്കപ്പെടുന്നു.

Tags:    

Similar News