ചിലങ്ക കെട്ടിയ കർഷക
സംസ്ഥാന സര്‍ക്കാറിന്റെ മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അടൂര്‍ സ്വദേശി സുമയുമായി ശ്രേയ കൃഷ്ണകുമാർ നടത്തിയ അഭിമുഖം
ചിലങ്കയുടെ താളമാണ് തപസ്യയിലേക്കെത്തുമ്പോള്‍ ആദ്യം വരവേല്‍ക്കുക. വിശാലമായ ഹാളില്‍ പല പ്രായത്തിലുള്ളവര്‍ നൃത്തം അഭ്യസിക്കുന്നുണ്ടാകും. ഇവര്‍ക്കിടയില്‍ ചുവടുകള്‍ വ്യക്തമാക്കി ആര്‍.എല്‍.വി സുമ നരേന്ദ്ര തിരക്കിലാകും. ഇടയ്ക്ക് പുറത്തിറങ്ങി തന്റെ കൃഷിയിടത്തിലെ ജോലികള്‍ ചെയ്യാനും സമയം കണ്ടെത്തും. കൃഷിയും നൃത്തവും സുമയ്ക്കു പ്രാണനാണ്, രണ്ടില്‍ ഏതിനോടാണ് ഇഷ്ടം കൂടുതലെന്നു ചോദിച്ചാല്‍ മറുപടിയില്ല. കൃഷിയും നൃത്തവും ഒഴിവാക്കിയൊരു നിമിഷത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അടൂര്‍ സ്വദേശി സുമയുടെ വിശേഷങ്ങള്‍
* ഗ്രാമത്തിന്റെ നന്മയായി കൃഷി
പത്തനംതിട്ട ജില്ലയില്‍ പെരിങ്ങനാടാണ് ജന്മസ്ഥലം. അച്ഛന്‍ നരേന്ദ്രന്‍ നായര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. അതിനൊപ്പം വീട്ടില്‍ കൃഷി ചെയ്യാനും അച്ഛന്‍ സമയം കണ്ടെത്തി. പച്ചക്കറിയും നെല്‍കൃഷിയും കശുമാവിന്‍ തോട്ടവുമൊക്കെയുണ്ടായിരുന്നു വീട്ടില്‍. അക്കാലത്ത് അച്ഛന്റെ കൂടെ പാടത്തൊക്കെ പോകുമായിരുന്നു. അന്നു തൊട്ടേ കൃഷിയോടു താത്പര്യമുണ്ട്. പഠനവും വിവാഹവുമൊക്കെ കഴിഞ്ഞതോടെ അടൂര്‍ നഗരത്തിലേക്കു ജീവിതം പറിച്ചു നട്ടു. ടൗണിനോടു ചേര്‍ന്ന് കണ്ണംകോട് പത്ത് സെന്റ് സ്ഥലം വാങ്ങി, ഒരു വീടും ഇതിലുണ്ടായിരുന്നു. ഇതോടെ തന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ വീണ്ടും മുളപൊട്ടി തുടങ്ങിയെന്നു പറയുന്നു സുമ. നൃത്തം അഭ്യസിപ്പിക്കാന്‍ വീട് വലുതാക്കിയതോടെ കൃഷി ചെയ്യാനുള്ള സ്ഥലമൊക്കെ കുറവായിരുന്നു. പഴയ ചാക്കിലും സഞ്ചിയിലുമൊക്കെ മണ്ണ് നിറച്ചു പലതരം പച്ചക്കറികള്‍ നട്ടു. ചിലതൊക്കം നല്ല പോലെ കായ്ച്ചു, ചിലതു നശിച്ചു പോയി. എന്നാലും കൃഷി ഉപേക്ഷിക്കാന്‍ തയാറല്ലായിരുന്നു.
* ഗ്രോബാഗാണ് താരം
ഈ സമയത്താണ് അടൂര്‍ കൃഷി ഭവനില്‍ നിന്ന് 500 രൂപയ്ക്ക് 25 ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് വാര്‍ത്ത കണ്ടത്. വളവും മണ്ണും നിറച്ച ഗ്രോബാഗുകളില്‍ തൈ മുളപ്പിച്ചാണ് നല്‍കുന്നത്. തൈ നട്ട ഗ്രോബാഗ് കൊള്ളാമല്ലോയെന്നു തോന്നി. അങ്ങനെ കൃഷി ഭവനില്‍ പോയി 25 ഗ്രോബാഗുകളുമായി വീട്ടിലേക്ക് പോന്നു. 25 ഗ്രോബാഗ് പിന്നെ നൂറായി 500 ആയി ഇപ്പോള്‍ 2500 ഗ്രോബാഗുകള്‍ വീടിന് ടെറസിലും മുറ്റത്തുമൊക്കെയായുണ്ട്. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയാണ് മട്ടുപ്പാവിലെ കൃഷി. തുള്ളി നന, തിരിനന, മിസ്റ്റ് എന്നിവയെല്ലാം ഉപയോഗിക്കുന്നു. ഇലക്ട്രിക് പ്ലംബിങ് കോണ്‍ട്രാക്റ്ററാണ് ഭര്‍ത്താവ് സുരേഷ് കുമാര്‍ ഇതിനു വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നു. മഴ മറകൊണ്ടു മട്ടുപ്പാവ് മറച്ചിട്ടുണ്ട്. നെറ്റ് കെട്ടി വശങ്ങളിലും സംരക്ഷണം ഏര്‍പ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള സാങ്കേതിക വിദ്യയും സബ്‌സിഡിയുമെല്ലാം പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറില്‍ നിന്നു ലഭിച്ചു. തോട്ടത്തില്‍ തിരിനനയൊരുക്കി നല്‍കിയത് കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രമാണ് സി.ഡ്ബ്ല്യു.ആര്‍.ഡി.എം).
* പച്ചക്കറികളും ഔഷധ സസ്യങ്ങളും
പയര്‍, തക്കാളി, ബീന്‍സ്, വഴുതന, ചീര, കുക്കുമ്പര്‍, നിത്യവഴുതന, മുളക്, മഞ്ഞള്‍, ഇഞ്ചി, കാബേജ്, കോളിഫഌര്‍, സവാള തുടങ്ങി വിവിധ തരം പച്ചക്കറികള്‍ മട്ടുപ്പാവിലെ ഗ്രോബാഗില്‍ വളരുന്നു. ഇതില്‍ പയര്‍, മുളക് എന്നിവ വിവിധ തരത്തിലുള്ളവയുണ്ട്. എല്ലാം ഹൈബ്രീഡ് വിത്തുകളാണ് നടുന്നത്. നല്ല കായ്തരാന്‍ ഇത്തരം വിത്തുകളാണ് നല്ലതെന്ന പക്ഷക്കാരിയാണ് സുമ. ഇതിനു പുറമെ വിവിധയിനത്തിലുള്ള ഔഷധസസ്യങ്ങളും വളര്‍ത്തുന്നു. കരിനൊച്ചി, ആവണക്ക്, കറ്റാര്‍വാഴ, ദശപുഷ്പങ്ങള്‍, ഇലമുളച്ചി, ശംഖുപുഷ്പം, ബ്രഹ്മി, ആടലോടകം, ചായാമന്‍സ, സര്‍വസുഗന്ധി, വിഷഹാരിപ്പച്ച, കറ്റാര്‍വാഴ, മാങ്ങാഇഞ്ചി, തുടങ്ങി നിരവധി ഔഷധ സസ്യങ്ങളും സുമയുടെ വീട്ടുമുറ്റത്ത് വളരുന്നു.
* വരുമാനം തരും പച്ചക്കറികള്‍
പച്ചക്കറികളും അവയുടെ തൈകളും വിറ്റ് നല്ല വരുമാനം ഈ യുവതി സ്വന്തമാക്കുന്നുണ്ട്. എത്ര തന്നെ വിളവെടുത്താലും വാങ്ങിക്കൊണ്ടു പോകാന്‍ ആളുകളുണ്ട്. പയര്‍, മഞ്ഞള്‍, ബീന്‍സ്, തക്കാളി എന്നിവയ്ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രധാന വില്‍പ്പന നടക്കുന്നത്. ഓരോ ദിവസവും വിളവെടുക്കുന്നത് സ്ഥിരമായി വാങ്ങുന്നവരെ അറിയിക്കും, അവര്‍ വീട്ടിലെത്തി വാങ്ങിക്കൊള്ളും. ഡാന്‍സ് പഠിക്കാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളും പച്ചക്കറികള്‍ വാങ്ങും. കൃഷി ഭവന്റെ ഹരിതം സ്റ്റാള്‍ വഴിയും വില്‍ക്കുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ പച്ചക്കറികള്‍ തികയാത്ത അവസ്ഥയാണുള്ളതെന്നു പറയുന്നു സുമ നരേന്ദ്ര. കൃഷി ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് തൈകള്‍ തയാറാക്കി കൊടുക്കുകയും ചെയ്യും.
* ജൈവം തന്നെ കൃഷി
നൂറു ശതമാനം ജൈവ കൃഷിയാണ് സുമ പിന്തുടരുന്നത്. വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍, മണ്ണിര കമ്പോസ്റ്റ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങള്‍. മണ്ണ്, മണല്‍, ചകിരിച്ചോര്‍, മണ്ണിരകമ്പോസ്റ്റ് എന്നിവ ഉപയോഗിച്ചാണ് ഗ്രോബാഗ് നിറയ്ക്കുക. ഫിഷ് അമിനോ ആസിഡും സ്യൂഡോമോണസ് ലായനിയുമാണ് കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്നത്. ചാണകം വളമായി ഉപയോഗിക്കാറില്ലെന്ന് പറയുന്നു സുമ. അടുക്കള മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിയും ചെടികള്‍ക്ക് ഇട്ടു കൊടുക്കും. രണ്ടു മാസം കൂടുമ്പോള്‍ ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും ഗ്രോബാഗില്‍ ഇട്ടു കൊടുക്കുന്ന പതിവുമുണ്ട്.
* നര്‍ത്തകിയായ കര്‍ഷക രത്‌നം
സ്‌കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു സുമ, കലാതിലകപ്പട്ടവും നേടിയിട്ടുണ്ട്. നൃത്തം തന്നെ പഠനത്തിനും തെരഞ്ഞെടുത്തു. ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദം, എംഎയ്ക്കും നൃത്തം തന്നെ. ഇപ്പോള്‍ ഭരതനാട്യത്തില്‍ എം.ഫില്‍ ചെയ്യുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതല്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും ആരംഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ മുതല്‍ പ്രായമായവരെ വരെ നൃത്തം പഠിപ്പിക്കുന്നു. ഭര്‍ത്താവ് സുരേഷ് കുമാറും മക്കളായ ഗൗതം കൃഷ്ണയും രജ്ഞിനി കൃഷ്ണയും കൃഷിയില്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. പച്ചക്കറികള്‍ പരിചരിക്കാന്‍ മക്കള്‍ക്ക് വലിയ ഇഷ്ടമാണെന്നു പറയുന്നു സുമ. അവര്‍ക്ക് സ്വന്തമായി കൃഷി ചെയ്യാനാണ് താത്പര്യം, ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും സുമ നരേന്ദ്ര പറയുന്നു.