കെ.എം.സി.സി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കും; 1000 പേർ രക്തദാനം ചെയ്യും
കെ.എം.സി.സി യു.എ.ഇയുടെ 53ാം ദേശീയ ദിനം അതിവിപുലമായി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്നു വരെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. പരിപാടിയിൽ പഞ്ചായത്ത്, മുനിസിപ്പൽ, മണ്ഡലം, ജില്ല, സംസ്ഥാന ഭാരവാഹികൾ, വനിത കെ.എം.സി.സി പ്രവർത്തകർ ഉൾപ്പെടെ ആയിരം പേർ രക്തദാനം ചെയ്യും. കൂടാതെ അറബ് പ്രമുഖര്‍, വിവിധ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. എല്ലാ വർഷവും യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ക്യാമ്പുകളിൽ അയ്യായിരത്തോളം ബ്ലഡ് യൂനിറ്റ് നൽകാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. അബുഹൈലിലെ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ ടി.ആർ സ്വാഗതം പറഞ്ഞു. യു.എ.ഇ.കെ എം.സി.സി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ ഡോക്ടർ ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറിയും വളന്റിയർ വിങ് കോഓഡിനേറ്ററുമായ സിദ്ദീഖ് ചൗക്കിക്കു നിസാർ തളങ്കരയും ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാലിന് വൺ ഫോർ അബ്ദുറഹ്മാനും സ്നേഹാദരവ് കൈമാറി. ജില്ല സെക്രട്ടറി സുബൈർ കുബണൂർ നന്ദി പറഞ്ഞു.