മെയിലിന് മറുപടി നൽകാത്തതിനാൽ പിരിച്ചുവിട്ടു; ജീവനക്കാരന് എക്‌സ് 5 കോടി നഷ്ടപരിഹാരം നൽകണം

Update: 2024-08-16 06:24 GMT

ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ട കേസിൽ എക്സ് മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് അയർലൻഡ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, 2022 ഡിസംബറിൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഗാരി റൂണി എന്ന ജീവനക്കാരന് 550,000 യൂറോ (5 കോടിയോളം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

2013 സെപ്റ്റംബർ മുതൽ ട്വിറ്ററിന്റെ അയർലൻഡ് യൂണിറ്റിലെ ജീവനക്കാരനായിരുന്നു റൂണി. ചൊവ്വാഴ്ചയാണ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കമ്മീഷൻ വിധിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം അടിയന്തരമായി നിരവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് കമ്പനിയിൽ നടപ്പാക്കിയത്. കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി കമ്പനി വിടാനും ആവശ്യപ്പെട്ട് മസ്‌ക് ജീവനക്കാർക്ക് ഇമെയിൽ അയച്ചു. ഇമെയിലിൽ മസ്‌ക് മുന്നോട്ട് വെച്ച നിബന്ധനകൾക്ക് സമ്മതം അറിയിക്കാൻ റൂണി ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഒരു ദിവസം മാത്രമാണ് സമയം നൽകിയത്.

നിങ്ങൾ ട്വിറ്ററിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ 'യെസ്' ക്ലിക്ക് ചെയ്യുക എന്ന് മസ്‌ക് ഇമെയിലിൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. അല്ലാത്തവർ മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി കമ്പനി വിടാനും ആവശ്യപ്പെട്ടു. റൂണി മെയിലിന് മറുപടി നൽകിയില്ല.

മസ്‌കിന്റെ വ്യവസ്ഥ അംഗീകരിക്കാതിരുന്ന റൂണി സ്വമേധയാ കമ്പനി വിട്ടതാണെന്നാണ് എക്സിന്റെ വാദം. എന്നാൽ അത് അംഗീകരിക്കാൻ കമ്മീഷൻ തയ്യാറായില്ല. 'ഈ രാജ്യത്ത് ഈ രീതിയിൽ മസ്‌കോ ഏതെങ്കിലും വലിയ കമ്പനിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല.'എന്ന് കമ്മീഷൻ പറഞ്ഞു. കേസ് അത്രത്തോളം ഗൗരവതരമായതിനാലാണ് കമ്മീഷൻ ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ബാരി കെന്നി പറഞ്ഞു.

Tags:    

Similar News