ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്...; ടിപ്പ് നൽകിയത് 5 ലക്ഷം; വെയിറ്ററുടെ കണ്ണുതള്ളി, തെറ്റുപറ്റിയെന്ന് യുഎസ് വനിത
മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനു ശേഷം ടിപ്പ് നൽകുക പതിവാണ്. കുടുംബമായിട്ടാണ് കഴിക്കാനെത്തുന്നതെങ്കിൽ വലിയ തുക ടിപ്പ് ആയി പ്രതീക്ഷിക്കുകയും ചെയ്യും വെയിറ്റർമാർ. യുഎസിലെ ജോർജിയയിൽനിന്നുള്ള ടിപ്പ് സംഭവമാണ് വൻ വാർത്തയായത്. ഒരു സബ്വേ സാൻഡ്വിച്ച് കഴിച്ച വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് റസ്റ്ററൻറ് ജീവനക്കാരുടെ കണ്ണുതള്ളിപ്പോയി. സബ്വേയ്ക്ക് വലിയ ടിപ്പ് വാഗ്ദാനം ചെയ്തതിനു ശേഷമാണ് യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് അവർക്കു മനസിലായത്.
വേറ കോണർ എന്ന വനിതയ്ക്കാണ് അബദ്ധം സംഭവിച്ചത്. ടിപ്പ് തുക കണ്ട് വെയിറ്ററും ഞെട്ടിപ്പോയി. പക്ഷേ അപ്പോൾതന്നെ വേറ മാപ്പു പറയുകയും അയാളോടും ക്ഷമ ചോദിക്കുകയും ചെയ്തു. പേയ്മെൻറ് കാർഡ് സൈ്വപ്പ് ചെയ്ത് അടയ്ക്കേണ്ട തുക നൽകിയപ്പോൾ വേറയ്ക്കു തെറ്റു സംഭവിക്കുകയായിരുന്നു. ടിപ്പ് നൽകാനായി രേഖപ്പെടുത്തിയ കോളത്തിൽ തുകയ്ക്കു പകരം തൻറെ ഫോണിൻറെ അവസാനത്തെ കുറച്ച് അക്കങ്ങൾ നൽകുകയായിരുന്നു. മറ്റെന്തോ ആലോചനയിൽ വേറയ്ക്ക് അങ്ങനെ സംഭവിച്ചതാണ്.
പേയ്‌മെൻറ് രസീത് കൈയിൽ കിട്ടിയപ്പോഴാണ് തനിക്കു പറ്റിയ അക്കിടി വേറയ്ക്കു മനസിലായത്. 7,105.44 യുഎസ് ഡോളറാണ് (ഏകദേശം 5 ലക്ഷം) നൽകിയത്. പണം തിരികെ കിട്ടാൻ ബാങ്കിനെ സമീപിച്ചിരിക്കുകയാണ് വേറ. സബ് വേ ജീവനക്കാരും അവരുടെ സഹായത്തിനെത്തി.