നീ പൊന്നപ്പനല്ലടാ... തങ്കപ്പൻ..!; ഒരു കുപ്പി വിസ്‌കി 22 കോടിക്ക് വിറ്റ് മകാലൻ

Update: 2023-11-21 09:13 GMT

മകാലൻ 1926, ആഡംബരത്തിൻറെയും അന്തസിൻറെയും പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വിലവിടിപ്പുള്ള വിസ്‌കിയാണിത്. കോടീശ്വരന്മാർക്ക് ഈ അന്താരാഷ്ട്ര ബ്രാൻഡ് പ്രൗഢിയുടെയും സ്വകാര്യ അഹങ്കാരത്തിൻറെയും ഭാഗമാണ്. കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ലേലത്തിൽ മകാലൻ വിസ്‌കിയുടെ ഒരു കുപ്പി വിറ്റുപോയത് 2.7 മില്യൺ ഡോളറിനാണ് (ഏകദേശം 22,50,37,035 രൂപ). ഇതുവരെയുള്ള ലേലത്തുകയെ പിന്നിലാക്കിയാണ് മകാലൻ റെക്കോർഡ് ഇട്ടത്. ലണ്ടനിലെ സോത്ബിയുടെ ലേലത്തിലാണ് മകാലന് ഇത്രയും ഉയർന്ന വില ലഭിച്ചത്. നേരത്തെയും കോടികൾക്ക് മകാലൻ വിസ്‌കി ലേലത്തിൽ പോയിട്ടുണ്ട്.

ഈ മകാലൻ വിസ്‌കിക്ക് നിരവധി പ്രത്യേകതകളുണ്ട്. 1926ലെ ഒരു എക്സ്‌ക്ലൂസീവ് ശേഖരത്തിലെ 40 കുപ്പികളിൽ ഒന്നാണിത്. ഷെറി കാസ്‌കുകളിൽ 60 വർഷത്തോളം സൂക്ഷിച്ചശേഷമാണ് ഈ വിസ്‌കി നിർമിച്ചത്. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും പഴക്കമുള്ള വിസ്‌കി, മകാലൻ വിൻറേജ് ആയാണ് അടയാളപ്പെടുത്തുന്നത്. മകാലൻറെ മുൻനിര ഉപഭോക്താക്കൾക്ക് മാത്രമായി കരുതിവച്ചിരിക്കുന്നവയാണ് മകാലൻ 1926.

മകാലൻ 1926ൻറെ ആകർഷണം അതിൻറെ പഴക്കത്തിൽ മാത്രമല്ല, അപൂർവതയിലുമാണ്. ലിമിറ്റഡ് കളക്ഷൻറെ ഭാഗമായി 1986ലാണ് വിസ്‌കി കുപ്പിയിലാക്കുന്നത്. 40 കുപ്പികളാണ് ലിമിറ്റഡ് കളക്ഷനായി ഉണ്ടായിരുന്നത്. ഈ കുപ്പികൾ ആറു പതിറ്റാണ്ടുകളായി ഷെറി കാസ്‌കുകളിൽ സൂക്ഷിച്ചിരുന്നവയാണ്. ലേബലിൻറെ പ്രത്യേകതയും ഇതിൻറെ മൂല്യം വർധിപ്പിക്കുന്നു. ഏറ്റവും മികച്ചതും അപൂർവവുമായ ലേബലുകൾ കൊണ്ട് അലങ്കരിച്ച ഒരേയൊരു ലേബലാണ് മകാലൻ 1926. ഇറ്റാലിയൻ ചിത്രകാരൻ വലേരിയോ അദാമി കൈ കൊണ്ടു വരച്ച ലേബൽ ആണ് കുപ്പിയുടെ പുറത്തു പതിച്ചിരിക്കുന്നത്. 1993ൽ, പന്ത്രണ്ട് കുപ്പികൾക്കാണ് അദാമി കൈകൊണ്ട് ലേബൽ വരച്ചത്.

സോത്ബിയിൽ ലേലം ആരംഭിച്ചപ്പോൾ മുതൽ കടുത്ത വാശിയിലാണ് മകാലൻ ആരാധകർ വിളിത്തുടങ്ങിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലേലത്തുക കോടികളിലെത്തുകയും ചെയ്തു.

മകാലൻ 1926 ശേഖരത്തിൽ നിന്നുള്ള കുപ്പി വിറ്റഴിക്കുന്നത് ആദ്യമായല്ല. അതിൻറെ സമീപകാല ലേല വിജയം വിസ്‌കി ലോകത്തെ രാജാവ് എന്ന കിരീടം ഉറപ്പിക്കുകയും ചെയ്തു.

Tags:    

Similar News