ടെലിഗ്രാം സഹസ്ഥാപകൻ ദുറോവിന് മേൽ കുറ്റം ചുമത്തി; ഫ്രാൻസ് വിടുന്നതിന് വിലക്ക്, ഉപാധികളോടെ ജാമ്യം

Update: 2024-08-30 05:17 GMT

ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനുമേൽ പ്രാഥമികകുറ്റം ചുമത്തി ഫ്രാൻസ്. സംഘടിതകുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചെന്നതാണ് ചുമത്തിയ പ്രാഥമികകുറ്റം. കേസിൽ ദുറോവ് ക്രിമിനൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടരുതെന്നും ബുധനാഴ്ച ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 50 ലക്ഷംയൂറോ (ഏകദേശം 46 കോടിരൂപ) ജാമ്യത്തുകയ്ക്ക് ഉപാധികളോടെ ദുറോവിനെ വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.

ടെലിഗ്രാമിനെ ക്രിമിനൽക്കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ശനിയാഴ്ചയാണ് ദുറോവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാലുദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ് കുറ്റംചുമത്തി ജാമ്യത്തിൽ വിട്ടത്.

തെളിഞ്ഞാൽ 10 വർഷംവരെ തടവും അഞ്ചുലക്ഷംയൂറോ പിഴയും (ഏകദേശം 4.6 കോടിരൂപ) ലഭിക്കാവുന്നതാണ് ദുറോവിന്റെ പേരിലുള്ള കുറ്റം. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കൂട്ടാക്കിയില്ലെന്ന കുറ്റവും ദുറോവിന്റെ പേരിലുണ്ട്.

കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമചിത്രങ്ങൾ പങ്കുവെക്കൽ, മയക്കുമരുന്ന് വ്യാപാരം, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, അശ്ലീല-നിയമവിരുദ്ധ ഉള്ളടക്കം പങ്കുവെക്കൽ, ഭീകരപ്രവർത്തനം തുടങ്ങി ടെലിഗ്രാംവഴി നടക്കുന്നതായി സംശയിക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങളിലും ദുറോവിന്റെപേരിൽ അന്വേഷണം നടക്കും.

ടെലിഗ്രാമിലൂടെ നടക്കുന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളെല്ലാം ദുറോവിന്റെ തലയിൽ കെട്ടിവെക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് ഒലിവിയർ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സാങ്കേതിക നിയമങ്ങൾ അനുശാസിച്ചാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News