ലോകത്തെ കരയിച്ച പത്തുവയസുകാരിയുടെ സൗഹൃദം; തന്റെ കൂട്ടുകാരനെ കാന്‍സറിന്റെ അവസാന നാളുകളില്‍ വിവാഹം കഴിച്ചു, പന്ത്രണ്ടാം ദിവസം മരണത്തിനു കീഴടങ്ങി

Update: 2023-08-10 12:12 GMT

അമേരിക്കയിലെ രണ്ടു കുട്ടികളുടെ സൗഹൃദം കണ്ട് ലോകം തേങ്ങി. മാധ്യമങ്ങള്‍ വലിയ പ്രധാന്യമാണ് ആ വാര്‍ത്തയ്ക്കു കൊടുത്തത്. വായിച്ചവരെല്ലാം ഹൃദയം വിങ്ങിപ്പൊട്ടിക്കരഞ്ഞു. പത്തു വയസുകാരി എമ്മ എഡ്വേര്‍ഡ്‌സും അവളുടെ പ്രിയപ്പെട്ട സുഹൃത്ത് ഡാനിയല്‍ മാര്‍ഷലുമാണ് കഥയിലെ നായികാനായകന്മാര്‍. കാന്‍സര്‍ ബാധിതയാണ് എമ്മ. തന്റെ അവസാന ആഗ്രഹം കുടുംബാംഗങ്ങളോടു പറഞ്ഞപ്പോള്‍, അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ കൂടെനിന്നു. ഡാനിയലിന്റെ കുടുംബവും ആ കുഞ്ഞുമോളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. തുടര്‍ന്ന് അവരുടെ ആഗ്രഹം നടത്തിക്കൊടുത്തു.

ലളിതമായിരുന്നു ചടങ്ങുകള്‍. എന്നാലും വേണ്ടപ്പെട്ടവരെല്ലാം ചടങ്ങിനെത്തിയിരുന്നു. കളിക്കൂട്ടുകാരനായ ഡാനിയല്‍ എമ്മയുടെ വിരലുകളില്‍ മോതിരമണിയിച്ചു. പ്രിയപ്പെട്ടവര്‍ ഇരുവരും ധാരാളം സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് പന്ത്രണ്ടാം ദിവസം തന്റെ മോഹങ്ങളും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് എമ്മ ഈ ലോകം വിട്ടുപോയി. ജീവിതത്തോടു വലിയ ആഗ്രഹമുണ്ടായിരുന്ന കുട്ടിയായിരുന്നു എമ്മയെന്ന് അവളുടെ അമ്മ അലീന പറഞ്ഞു.

പ്രണയം, വിവാഹം എന്നതിന്റെ ഗൗരവമൊന്നും ആ കുട്ടികള്‍ക്കറിയില്ലായിരിക്കാം. പക്ഷേ, അവര്‍ വലിയ കൂട്ടുകാരായിരുന്നു. വിവാഹപ്രായമെത്തുമ്പോള്‍ തന്റെ ബാല്യകാല സുഹൃത്തിനെതന്നെ ജീവിതത്തിലേക്കു കൂട്ടാന്‍ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അവനും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകാം. എന്തായാലും ആ കുട്ടികളുടെ സൗഹൃദം അത്ര ആഴത്തിലുള്ളതായിരുന്നു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എഎല്‍എല്‍) എന്ന രോഗമായിരുന്നു എമ്മയ്ക്കു പിടിപെട്ടത്. ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ ഡോക്ടര്‍മാര്‍ക്ക് അവളെ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നു.

Similar News