ആറ് മാസത്തിനുള്ളിൽ വിസക്ക് അപേക്ഷിച്ചത് 30 ലക്ഷം ഇന്ത്യക്കാർ; കൂടുതലും ഈ രാജ്യങ്ങളിലേക്ക്

Update: 2023-09-20 06:20 GMT

2023 ലേക്കെത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം സമീപ കാലത്തെ ഏറ്റവും ഉയർന്ന കണക്കുകളിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ വർഷത്തിലെ ആദ്യ പാദം പൂർത്തിയാവുമ്പോൾ രാജ്യം വിടാനായി വിസ അപേക്ഷ നൽകിയവരുടെ എണ്ണം മുൻ വർഷങ്ങളിൽ ഇതേ കാലയളവിനേക്കാൾ ഇരട്ടിയിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വി.എഫ്.എസ് ഗ്ലോബൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 30 ലക്ഷം വിസ അപേക്ഷകളാണ് ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുള്ളത്. കോവിഡിന് മുമ്പുളള 2019ൽ ആകെ 60 ലക്ഷം വിസ അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. ആ സ്ഥാനത്താണ് കേവലം ആറ് മാസത്തിനുള്ളിൽ വിസ അപേക്ഷകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞത്.

'മഹാമാരിക്ക് മുമ്പുള്ള വിസ ആപ്ലിക്കേഷനുകളുടെ എണ്ണം 2023ൽ സുഗമമായി മറികടക്കാനാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ശക്തമായ കുടിയേറ്റ വികാരം ഇന്ത്യക്കാർക്കിടയിൽ വ്യാപകമായിട്ടുണ്ട്. ഇത് വരുംനാളുകളിൽ കൂടാനാണ് സാധ്യത,' വി.എഫ്.എസ് ഗ്ലോബൽ പ്രതിനിധി പ്രബുദ്ധ സെൻ പറഞ്ഞു.

സാധാരണ ഗതിയിൽ വിസ നടപടികൾക്കായി ഏറ്റവും കൂടുതൽ സമയ ദൈർഘ്യമെടുക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങളും. കൂടാതെ ഇവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റിനും, വിസ ഫീസിനുമായി നല്ലൊരു തുക ചെലവാക്കേണ്ടിയും വരും. എന്നിരിക്കെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മുൻ പന്തിയിലുള്ളത് അമേരിക്കയും യൂറോപ്പുമാണെന്നാണ് പഠനം തെളിയിക്കുന്നത്. ഇത്തവണ ഇതുവരെ ലഭിച്ച 30 ലക്ഷം വിസ അപേക്ഷകളിൽ പകുതിയലധികവും അമേരിക്കയും മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കുമാണ്.

സാധാരണയായി യു.എസിലേക്കുള്ള ബി1 (ബിസിനസ് വിസ) ബി2 (വിസിറ്റ് വിസ) എന്നിവക്കായി 1.5 വർഷത്തിലധികം സമയം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല യൂറോപ്പിലാണെങ്കിൽ നോർവെയും സ്വീഡനുമൊഴികെയുള്ള ഷെങ്കൻ രാജ്യങ്ങളിലേക്ക് വിസ അപേക്ഷ സമർപ്പിക്കുന്ന മൊത്തം ഇന്ത്യക്കാർക്കിടയിൽ നിന്നും പകുതി പേർക്ക് മാത്രമാണ് വിസ ലഭിക്കുന്നതെന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. പോർച്ചുഗൽ, പോളണ്ട്, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ്, നെതർലാന്റ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണുള്ളത്. എന്നാൽ ഇതൊന്നും യു.എസിലേക്കും ഷെങ്കൻ രാജ്യങ്ങളിലേക്കും അപേക്ഷ സമർപ്പിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത.

ഇതേ പ്രതിസന്ധി യാത്ര ചെലവുകളിലുമുണ്ടായിട്ടുണ്ട്. കോവിഡിന് മുമ്പ് ഇന്ത്യ-ന്യൂയോർക്ക് റിട്ടേൺ ഫ്ളൈറ്റിൽ എകണോമിക് ക്ലാസിൽ ഏകദേശം 75000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ ഇന്ന് ഒരു ലക്ഷത്തിന് മുകളിലാണ് വിമാനങ്ങൾ ടിക്കറ്റ് ഈടാക്കുന്നത്.

Tags:    

Similar News