പൗരത്വ നിയമ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.
അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. അപേക്ഷകർ പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ പകർപ്പ് ജില്ലാ കളക്ടർക്കോ, കോൺസുലർ ജനറലിനോ നൽകണം. പൗരത്വം നൽകുന്നതിന് അധികാരമുള്ള ജില്ലാ തല സമിതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കാളിത്തമില്ല.
പൗരത്വത്തിനായി അപേഷിക്കേണ്ടതെങ്ങനെ? കൂടുതല്‍ അറിയാം
പൗരത്വ നിയമഭേദഗതി വിജഞാപനം ഇറക്കിയപ്പോൾ തന്നെ ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
സിഎഎ 2019 എന്ന പേരിൽ മൊബൈൽ ആപ്പും തയാറാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പൗരത്വത്തിനായി അപേക്ഷിക്കാൻ സ്വന്തമായി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേണം. ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
പൗരത്വത്തിന് അപേക്ഷിക്കാൻ വന്ന രാജ്യത്തിൻ്റെ പാസ്പോർട്ടോ വീസയോ വേണമെന്ന നിബന്ധന എടുത്തു കളഞ്ഞു. ഇതിന് മാതാപിതാക്കളുടെയോ മറ്റ് പൂർവ്വികരുടെയോ എന്തെങ്കിലും രേഖ മതി. ഇതൊന്നുമില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉൾപ്പടെ ജനപത്രിനിധികളുടെ സാക്ഷ്യപത്രം ഹാജരാക്കാം.
ഇന്ത്യയിലെ താമസത്തിന് തെളിവായി ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, റേഷന്‍ കാർഡ്. ആധാർ കാർഡ് തുടങ്ങി ഇരുപത് രേഖകളിൽ ഒന്ന് നൽകിയാൽ മതിയെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജില്ലാതല ഉന്നതാധികാര സമിതിക്കാണ് പൗരത്വം നൽകുന്നതിനുള്ള അധികാരം.
പൗരത്വം നൽകാനുള്ള സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കില്ല.
അപേക്ഷകളുടെ പകർപ്പ് ജില്ലാ കളക്ടർമാർക്ക് നൽകണം. എന്നാൽ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കായിരിക്കും.
പൗരത്വം നല്കാൻ രണ്ട് സമിതികൾ നിലവിൽ വരും.
അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഉന്നതാധികാര സമിതിക്ക് സെൻസസ് വകുപ്പിലെ ഡയറക്ടർ തല ഉദ്യോഗസ്ഥൻ നേതൃത്വം നല്കും. രഹസ്യാന്വേഷണ ബ്യൂറോ, തപാൽ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥ അംഗങ്ങളാകും. സംസ്ഥാന സർക്കാരിൻ്റെ ഒരു പ്രതിനിധിയെ ക്ഷണിതാവാക്കും.
അപേക്ഷ പരിശോധിക്കാനുള്ള ജില്ലാതല സമിതിയിൽ സീനിയർ സൂപ്രണ്ട് റാങ്കിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകും ഉണ്ടാകുക. തഹസിൽ തലത്തിലെ ഒരു സംസ്ഥാന ഉദ്യോഗസ്ഥനെ ക്ഷണിതാവാക്കാനാണ് നിർദ്ദേശം.
അതായത് അപേക്ഷ പരിഗണിക്കാനും അംഗീകരിക്കാനുമുള്ള സമിതികളിൽ നിരീക്ഷകർ എന്നതിലപ്പുറമുള്ള സ്ഥാനം സംസ്ഥാനങ്ങൾക്കുണ്ടാകാത്ത തരത്തിലാണ് കേന്ദ്രം ചട്ടം തയ്യാറാക്കിയിരിക്കുന്നത്.