നൈജീരിയയിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; എണ്ണ മോഷ്ടിക്കാൻ ജനക്കൂട്ടം, പിന്നാലെ പൊട്ടിത്തെറി, 94 മരണം

Update: 2024-10-16 11:05 GMT

ഇന്ധനവുമായി പോയ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ എണ്ണ തട്ടിയെടുക്കാൻ ശ്രമിച്ച് ജനക്കൂട്ടം. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 94 പേർ മരിച്ചു. നൈജീരിയയിലാണ് ദാരുണമായ സംഭവം. നൈജീരിയയിലെ ജിഗാവാ സംസ്ഥാനത്ത് അർദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവിടെ ഒരു സർവകലാശാലയ്ക്കടുത്തുവച്ച് യാത്രക്കിടെ ടാങ്കർ ലോറി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികൾ ലോറിയിൽ നിന്നും ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് 94 പേർ തൽക്ഷണം മരിച്ചത്.

കഴിഞ്ഞ മാസവും നൈജീരിയയിൽ സമാനമായൊരു ടാങ്കർ ലോറിയപകടം നടന്നിരുന്നു. ടാങ്കർ ലോറി മറ്റൊരു ലോറിയിൽ ഇടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. 48 പേരാണ് അന്ന് മരിച്ചത്. ടാങ്കർ ലോറിയിൽ കന്നുകാലികളെയും കൊണ്ടുപോയിരുന്നു. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ അൻപതോളം കന്നുകാലികൾക്ക് ജീവൻ നഷ്ടമായിരുന്നു.

ചരക്കുനീക്കത്തിന് റെയിൽ ഗതാഗതമില്ലാത്ത പ്രശ്നം നേരിടുന്ന ആഫ്രിക്കൻ രാജ്യമാണ് നൈജീരിയ. ഏറ്റവുമധികം ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യമാണിത്. 2020ൽ മാത്രം 1531 ഇന്ധന ടാങ്കർ അപകടങ്ങളുണ്ടായി. 535 പേർ മരിച്ചു. 1142 പേർക്ക് പരിക്കേറ്റു.

Tags:    

Similar News