'സ്വന്തം മക്കളുടെ അമ്മയാണ്, ഇങ്ങനെ ഉപേക്ഷിക്കാൻ അവകാശമില്ല'; ജയം രവിയെ പരോക്ഷമായി വിമർശിച്ച് ഖുശ്ബു

Update: 2024-09-22 11:15 GMT

ജയം രവിയും ഭാര്യ ആരതിയും വിവാഹ മോചിതരാകുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ജയം രവിയെ നേരിട്ട് കണ്ട് സംസാരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ലെന്നാണ് ആരതി പറയുന്നത്. ആരതിയും ആരതിയുടെ കുടുംബവുമായും ജയം രവി കടുത്ത നീരസത്തിലാണെന്നാണ് സൂചന. നിർമാതാവ് സുജാത വിജയകുമാറാണ് ആരതി രവിയുടെ അമ്മ.

ഇവരുടെ പ്രൊഡക്ഷൻ ഹൗസിന്റെ സിനിമകളിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണലായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളും മറ്റും വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ ജയം രവിക്കെതിരെ പരോക്ഷമായി കടുത്ത വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടി ഖുശ്ബു സുന്ദർ. ആരതി രവിയുടെ കുടുംബ സുഹൃത്താണ് ഖുശ്ബു. ആരതി-ജയം രവ വിവാഹത്തിന് കാരണക്കാരിൽ ഒരാളുമാണ് ഖുശ്ബു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഖുശ്ബു ജയം രവിയെ പേരെടുത്ത് പറയാതെ വിമർശിച്ചത്.

'ഒരു യഥാർത്ഥ പുരുഷൻ നേരെ നിന്ന് എല്ലാത്തിനും മുകളിലായി തന്റെ കുടുംബത്തെ കാണും. അവന്റെ ആ​ഗ്രഹങ്ങൾ, സ്വാതന്ത്ര്യം എന്നിവയെല്ലാം അവനെ നിരുപാധികം സ്നേഹിക്കുന്നവർക്ക് മുന്നിൽ രണ്ടാമതാണ്. ജീവിത യാത്രയിൽ എല്ലാ വിവാഹബന്ധങ്ങളിലും ഉയർച്ച താഴ്ചകളുണ്ടാകും. തെറ്റുകൾ പറ്റും. പക്ഷെ ഈ തെറ്റുകൾ ഒരിക്കലും ഒരു പുരുഷന് അവൻ ഇത്രയും വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തവ ഉപേക്ഷിക്കാൻ അവകാശം നൽകുന്നില്ല'

'ഒരു ബന്ധത്തിൽ ചില സമയത്ത് പ്രണയം ഇല്ലാതാകും. പക്ഷെ ബഹുമാനം അചഞ്ചലമായി നിലനിൽക്കണം. യഥാർത്ഥ പുരുഷൻ അവന്റെ കുഞ്ഞുങ്ങളെ ചുമന്ന സ്ത്രീയെ ആദരിക്കും. ബഹുമാനമില്ലായ്മ മനസാക്ഷിയില്ലായ്മ വെളിപ്പെടുത്തുന്നു. സ്വാർത്ഥതയുള്ള പുരുഷൻ അവന്റെ പ്രവൃത്തികൾ അവനെ നോക്കി വളരുന്ന കുട്ടികളുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം പെരുമാറ്റം സഹാനുഭൂതിയും വിവേകവും ഇല്ലാത്തതിന്റെ പ്രതിഫലനമാണ്'

'ജീവിതം ചാക്രികമാണ്. സ്വാർത്ഥതയിൽ നിന്നുള്ള പ്രവൃത്തികൾ ശക്തമായി തിരിച്ചടിക്കും. തിരിച്ചറിവ് വരുമ്പോഴേക്കും മാനസാന്തരത്തിന് വൈകിയേക്കാം. ജീവിതത്തിലെ പരുഷമായ സത്യമാണത്. നിങ്ങളുടെ കുട്ടികളുടെ അമ്മയെ ബഹുമാനിക്കുകയെന്ന് അത്യാന്താപേക്ഷിതമല്ല, മറിച്ച് അത് അടിസ്ഥാനപരമാണ്. ഒരു അമ്മയെ, പ്രത്യേകിച്ച് നിങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത അനാദരവ് കാണിക്കുന്നത് ദുഖകരവും ദയയില്ലായ്മ വെളിപ്പെടുത്തുന്നതുമാണ്'

'സ്വയം ഉന്നമനം നേടാൻ ആദ്യം സ്വന്തം കുടുംബത്തെ ഉയർത്തണമെന്ന് യഥാർത്ഥ പുരുഷനറിയാം. സ്നേഹത്തിൽ ഇളക്കം വന്നേക്കാം. പക്ഷെ ബഹുമാനമാണ് ഹൃദയത്തെയും ആത്മാവിനെയും സ്ഥിരമായി ഒരുമിച്ച് നിർത്തുന്നത്. എല്ലാ ദിവസവും പെർഫെക്ട് ആയിരിക്കില്ല. പക്ഷെ ബഹുമാനമുണ്ടെങ്കിൽ ഇരുണ്ട ദിവസങ്ങളിൽ പോലും പ്രതീക്ഷയുടെയും മനസിലാക്കലിന്റെയും വെള്ളി വെളിച്ചം കാണാം,' ഖുശ്ബുവിന്റെ ദീർഘമായ കുറിപ്പിൽ പറയുന്നു.

കുറിപ്പിന് താഴെ ആരതിയുടെ അമ്മ സുജാത വിജയകുമാർ കമന്റിട്ടിട്ടുണ്ട്. മൈ സോൾമേറ്റ് എന്നാണ് ലൗ ഇമോജികളുടെ കൂടെ സുജാത വിജയകുമാർ കമന്റിട്ടിരിക്കുന്നത്.

Tags:    

Similar News