ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. മന്നത്തിന്റെ നെയിം പ്ലേറ്റില്‍ വിലകൂടിയ ഡയമണ്ട് പതിച്ചതാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിലെ പ്രധാനപ്പെട്ട വീടുകളിലൊന്നാണ് എസ്ആര്‍കെയുടെ മന്നത്ത്. മുംബൈ സന്ദര്‍ശിക്കുന്ന ആരാധകര്‍ എസ്ആര്‍കെയുടെ ബംഗ്ലാവ് കാണാനും അതിനു മുന്നില്‍നിന്നു ചിത്രങ്ങള്‍ പകര്‍ത്താനും എത്താറുണ്ട്.
അടുത്തിടെ മന്നത്തിന്റെ മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നെറ്റിസണ്‍സ് ഒരു കാര്യം കണ്ടെത്തി. പുതിയ നെയിം പ്ലേറ്റ് പഴയതിനേക്കാള്‍ വ്യത്യസ്തമാണ്. തിളക്കമുള്ളതാണ് നെയിം പ്ലേറ്റ്. അതോടെ, മന്നത്തിന്റെ നെയിം പ്ലേറ്റില്‍ വിലകൂടിയ ഡയമണ്ട് പതിച്ചിട്ടുണ്ടെന്ന വാര്‍ത്തയും പരന്നു. ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്ത് അഭിമാനത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍, മന്നത്തിന്റെ പുതിയ നെയിം പ്ലേറ്റിനെക്കുറിച്ച് ഷാരൂഖിന്റെ ഭാര്യ ഗൗരി പങ്കുവച്ച ചിത്രത്തിലൂടെ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു. മന്നത്തിന്റെ പ്രവേശന കവാടത്തില്‍നിന്ന് എടുത്ത ഫോട്ടോ ഗൗരി ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിട്ടുമുണ്ട്. ഫോട്ടോയില്‍ പുതിയ നെയിം പ്ലേറ്റും കാണാം. ചിത്രം പങ്കുവച്ച് ഗൗരി എഴുതി... '' വീടിന്റെ പ്രധാന വാതില്‍ നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രവേശന കേന്ദ്രമാണ്. അതുകൊണ്ടാണ് നെയിം പ്ലേറ്റിന്റെ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നത്. ഞങ്ങള്‍ ഗ്ലാസ് ക്രിസ്റ്റലുകളുള്ള (നെയിം പ്ലേറ്റിനായി) സുതാര്യമായ മെറ്റീരിയല്‍ തിരഞ്ഞെടുത്തു. അത് പോസിറ്റീവായ മാനസികാവസ്ഥയും ശാന്തതയും നല്‍കുന്നു.''
ഷാരൂഖിന്റെ ഭാര്യ പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറാണ്. അവര്‍ തന്നെയാണ് നെയിം പ്ലേറ്റ് ഡിസൈന്‍ ചെയ്തതെന്ന് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഹാഷ്ടാഗ് സൂചിപ്പിക്കുന്നു. എസ്ആര്‍കെയുടെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ മേല്‍നോട്ടവും ഗൗരിയാണു കൈകാര്യം ചെയ്യുന്നത്