തൃശൂർ ചേറ്റുപുഴയിലെ യുവാവിന്റെ മരണം; വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെന്ന് പൊലീസ്
തൃശൂർ ചേറ്റുപുഴയിൽ നടന്ന യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെു.അരിമ്പൂർ സ്വദേശി ഷൈനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ ഷൈനിന്റ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സഹോദരനും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് വിളിച്ച് ഷൈനിനെ ഹോസ്പിറ്റലിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത് .രാത്രി തൃശൂർ നഗരത്തിലെ ബാറിൽ മദ്യപിച്ചിരുന്ന ഷൈനിനെ വിളിച്ചു കൊണ്ടുപോകാൻ എത്തിയതായിരുന്നു ഷൈനിന്റെ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും. ഇവർ തിരിച്ച് ബാറിൽ നിന്ന് വരുന്ന വഴി പെട്രോൾ തീർന്നു. ഇതിനെ തുടർന്ന് തർക്കമുണ്ടാകുന്നു. തർക്കത്തിനിടെ സഹോദരനെ ഷെറിൻ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി.ഇയാൾക്ക് ബോധമില്ലെന്ന് കണ്ട് ബൈക്കിൽ നിന്ന് തള്ളിയിടുകയാണുണ്ടായത്. ശേഷം ആംബുലൻസിനെയും പൊലീസിനെയും വിളിച്ച് അപകടമുണ്ടായി എന്ന് പറയുകയും ചെയ്തു.
പോസ്റ്റ്മോർട്ടത്തിലാണ് വീണതിന്റെ പരിക്കുകളല്ല ഇയാൾക്കുണ്ടായിരുന്നതെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ഹെൽമെറ്റ് കൊണ്ട് അടിച്ചതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഷൈനിന്റെ ശവസംസ്കാരത്തിന് ശേഷം ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തത്. ഇതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.