തൃശൂരിൽ പത്ത് വയസുകാരനെ പീഡനത്തിനിരയാക്കി ; പ്രതിക്ക് 130 വർഷം തടവും പിഴയും ശിക്ഷ
പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി. ഒരുമനയൂര്‍ മൂത്തമാവ് മാങ്ങാടി വീട്ടില്‍ സജീവ (56)നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.2023 ഏപ്രിലിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍ രാജ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്‍സ്‌പെക്ടര്‍ വിവിന്‍ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇതുകൂടാതെ പ്രതിക്കെതിരെ വേറെ രണ്ടു പോക്‌സോ കേസുകളും സ്റ്റേഷനില്‍ നിലവിലുണ്ട്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. നിഷ സി. ഹാജരായി. സി.പി.ഒ മാരായ സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.