തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ട് പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്

Update: 2024-08-15 10:02 GMT

തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ തിരുനെൽവേലിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയത് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണെന്നും സ്വർണം കിട്ടാതെ വന്നതോടെ ഉമറിനെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഉമറിനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

വിദേശത്ത് നിന്നെത്തിയ ഒരാളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാന്‍ വേണ്ടി എത്തിയയാളാണ് മുഹമ്മദ് ഉമര്‍. എന്നാല്‍ സ്വര്‍ണവുമായി എത്തിയയാള്‍ കസ്റ്റംസിന്‍റെ പിടിയിലാകുകയായിരുന്നു. സ്വര്‍ണം കൈപ്പറ്റാനാകാതെ തിരിച്ചുവരികയായിരുന്ന ഉമറിനെയാണ് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഉമര്‍ തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോ വിളിച്ചു. തകരപ്പറമ്പിലെത്തിയപ്പോൾ രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘം ഓട്ടോ തടഞ്ഞുനിർത്തുകയും ഇയാളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയുമായിരുന്നു. തന്നെയും യാത്രക്കാരനെയും ഇവർ മർദിച്ചതായും ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരുന്നു.

സ്വര്‍ണം കിട്ടാതെ വന്നപ്പോള്‍ ഇയാളെ വഴിയിലുപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ഇന്നലെ തന്നെ ഇയാള്‍ സ്വന്തം നാടായ തിരുനെൽവേലിയിലെത്തിയെന്നും പൊലീസ് പറയുന്നു.

Tags:    

Similar News