രാത്രിയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു ; അതിഥി തൊഴിലാളി പിടിയിൽ

Update: 2024-11-29 15:50 GMT

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.കോഴിക്കോട് പെരുമണ്ണ ചാമാടത്ത് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പെരുമണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയത്.

ആറ് വര്‍ഷമായി ഇയാള്‍ പെരുമണ്ണയിലെ വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എഎം സിദ്ധീഖ്, പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News