വയോധികനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 17 വർഷം കഠിന തടവും 54000 രൂപ പിഴയും
തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം പണയിൽ വീട്ടിൽ ഇബ്രാഹീംകുഞ്ഞിനെ(65) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 17 വർഷം കഠിന തടവും 54000 രൂപ പിഴയും. കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി അശോകൻ മകൻ പൊമ്മു എന്ന് വിളിക്കുന്ന ബൈജുവിനെ(41)യാണ് 17 വർഷം കഠിന തടവിനും 54000 രൂപ പിഴയും ശിക്ഷിച്ചത്. പിഴ തുക സർക്കാരിലേക്ക് കണ്ടു കെട്ടാൻ തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം. അപായകരമായ ആയുധം ഉപയോഗിച് ദേഹോപദ്രവം ചെയ്യൽ, ഭവന കൈയ്യേറ്റം, എന്നീ കുറ്റങ്ങൾക്കാണ് പ്രതിയെ ശിക്ഷിച്ചത്.
2022 ജൂണ്‍ 17 നാണ് പ്രതി ഇബ്രാഹിംകുഞ്ഞിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു പ്രൊവിഷണൽ സ്റ്റോറിൽ സാധനം വാങ്ങാന്‍ എത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ച് നിന്നു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം കുഞ്ഞ് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കി. പ്രതി കയ്യിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ജൂണിൽ ഇബ്രാഹിം കുഞ്ഞ് മരണപ്പെട്ടു.
കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 13 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, അഡ്വ. ദേവികാ മധു, അഡ്വ. അഖിലാ ലാൽ എന്നിവർ ഹാജരായി.കേസിലെ വിധി പറയുന്നത് കേള്‍ക്കാന്‍ കോടതിയിൽ ഹാജരാകാതെ പ്രതി ഇന്നലെ മുങ്ങിയിരുന്നു. വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നതടക്കമുള്ള വിധി പറയാന്‍ ഇരിക്കെവേയാണ് പ്രതിയുടെ മുങ്ങല്‍. ഇന്നലെ കേസ് കോടതി രണ്ട് തവണ പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയിരുന്നില്ല. തുടർന്ന് മംഗലപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.